വ്യാജസന്ദേശം വിനയായത് ഒരു പൈനാപ്പിള്‍ കര്‍ഷകന്; ലോക്ക്ഡൗണിനിടെ ആറു ടണ്ണോളം കൈതച്ചക്ക നാട്ടുകാര്‍ കൊണ്ടുപോയി

0
105

തൃശൂര്‍ : ഇക്കുറി സോഷ്യല്‍ മീഡിയയിലെ വ്യാജസന്ദേശം വിനയായത് ഒരു പൈനാപ്പിള്‍ കര്‍ഷകന്. സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം വിപണിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കൈതച്ചക്ക മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ ഉടമ പറഞ്ഞതായി വ്യാജസന്ദേശം പ്രചരിച്ചതോടെ തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന്‍ ജോസിന്റെ കുത്താമ്പുള്ളിയിലുള്ള 10 ഏക്കര്‍ തോട്ടത്തിലെ 6 ടണ്ണോളം കൈതച്ചക്ക നാട്ടുകാര്‍ പറിച്ചു കൊണ്ടു പോയി.

ഏറെ വൈകാതെ മൈസൂരുവിലേക്ക് എത്തിക്കേണ്ട പഴുത്ത കൈതച്ചക്കകളാണ് നാട്ടുകാര്‍ പറിച്ചു കൊണ്ടുപോയത്.

കുറച്ചു ദിവസം മുമ്പു തോട്ടത്തിലെ അതിഥി തൊഴിലാളികളുമായി സംസാരിച്ച് നാട്ടുകാരില്‍ ചിലര്‍ തോട്ടത്തില്‍ നിന്നും കുറച്ചു കൈതച്ചക്ക പറിച്ചെടുത്തിരുന്നു.. ഇതിന് പിന്നാലെയാണ് തോട്ടത്തിലെ കൈതച്ചക്ക മുഴുവന്‍ പറിക്കാമെന്ന് സമൂഹ മാധ്യമം വഴി പ്രചരിച്ചത്. ഇതോടെ ചാക്കുകളുമായി നാട്ടുകാര്‍ തോട്ടത്തിലെത്തുകയയായിരുന്നു. .

ആളുകള്‍ കൂട്ടത്തോടെ ലോക്ഡൗണ്‍ ലംഘിച്ച് ഇവിടേയ്ക്ക് എത്തുന്ന വിവരം അറിഞ്ഞ് ഇന്നലെ രാവിലെ പൊലീസെത്തുമ്പോഴും അറുപതിലേറെ നാട്ടുകാര്‍ കൈതച്ചക്കയുടെ വിളവെടുപ്പിലായിരുന്നു. പോലീസ് എത്തിയതോടെ ആളുകള്‍ ചിതറിയോടിയെങ്കിലും 11 പേരെ പിടികൂടുകയും എട്ടോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ചതിനു നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.