കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7 കോടി രൂപ ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോളാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നത് .
24.03.2012 ലാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനായി കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ അവരുടെ ഭരണകാലത്ത് ഭൂമി മുഴവനായി ഏറ്റെടുക്കുകയോ ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങുകയോ ചെയ്തില്ല. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ട് മുമ്പ് 2016 ജനുവരിയി 28നാണ് അക്കാഡമിക് ബ്ലോക്കിന്റെ തറക്കല്ലിടല്‍ നടത്തിയത്. 2016 ഫെബ്രുവരി 25നാണ് നിര്‍മ്മാണം പ്രവര്‍ത്തനം തുടങ്ങിയത്. മാത്രമല്ല കാസര്‍ഗോഡ് വികസന പാക്കേജിന്റെ ഭാഗമായി അവര്‍ 6.19 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ആവശ്യമായ ഭൂമി പൂര്‍ണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് പണി പൂര്‍ത്തിയാക്കിയത്. മന്ത്രിതലത്തിലുള്‍പ്പെടെ വ്യത്യസ്ഥ തലങ്ങളില്‍ നിരവധി യോഗങ്ങള്‍ കൂടിയാണ് നിര്‍മ്മാണം ത്വരിതഗതിയിലാക്കിയത്.
2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടത്. 95.09 കോടി രൂപയാണ് ആശുപത്രിക്കായി വകയിരുത്തിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. 2020 സെപ്റ്റംബര്‍ മാസത്തോടുകൂടി ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല 29.01 കോടി രൂപയുടെ ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സ്, 8 ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, അക്കാഡമിക് ബ്ലോക്കിലെ 23 ലക്ഷത്തിന്റെ വെന്റിലേഷന്‍ സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റര്‍ സിസ്റ്റം എന്നിവയ്‌ക്കെല്ലാം ഈ സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്.
മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്‍ന്നാണ് അത് മാറ്റിവച്ച് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിയത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്.

You must be logged in to post a comment Login