‘ക്യാപ്റ്റനോ’ ‘ടീച്ചറമ്മ’ക്കോ പിന്നെ ഒന്നും ചെയ്യാനില്ല. മനുഷ്യരേ, നിങ്ങളുടെ അഹംബോധവും വിഷലിപ്തമായ ആണത്തവും ഉപേക്ഷിക്കേണ്ട ഘട്ടമാണിത്- കുറിപ്പ്

0
107

 

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച കേരളത്തിൽ രോ ഗവ്യാപനത്തിന് വർദ്ധനവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലോക്ക്ഡൗൺ 15 ദിവസം പിന്നിടുമ്പോൾ ഷാഹിന നഫീസയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ആളുകളെ കൂടുതൽ ചിന്തിപ്പിക്കുന്നു.

മനുഷ്യരേ, നിങ്ങളുടെ അഹംബോധവും വിഷലിപ്തമായ ആണത്തവും ഉപേക്ഷിക്കേണ്ട ഘട്ടമാണിത്. മരണത്തിന്റെ തണുപ്പാണ് ചുറ്റും . അഹങ്കാരം കൊണ്ടോ അന്ധവിശ്വാസം കൊണ്ടോ സ്വബോധം നഷ്ടപ്പെട്ട അജ്ഞാതനായ ഒരു രോഗവാഹകൻ നമുക്കിടയിലൂടെ നടക്കുന്നുണ്ടെകിൽ എല്ലാം തീരും . ‘ക്യാപ്റ്റനോ ‘ ‘ടീച്ചറമ്മ’ക്കോ പിന്നെ ഒന്നും ചെയ്യാനില്ല .അവരുടെ കയ്യിൽ മാന്ത്രികവടിയില്ല . നിങ്ങളുടെ അജ്ഞതയും അഹങ്കാരവും സ്വാർത്ഥതയും ചികിൽസിച്ചു മാറ്റാനുള്ള മരുന്നും അവരുടെ കയ്യിൽ ഇല്ല – ഷാഹിന ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ 15 ദിവസത്തെ കണക്ക് എടുത്തു വെച്ച് ഒരു വിശകലനം .
എട്ട് ദിവസമായി തിരുവനന്തപുരത്ത് നിന്ന് ഒരൊറ്റ പുതിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . ആറു ദിവസത്തിനിപ്പുറം ഇടുക്കിയിൽ നിന്നും ഒൻപത് ദിവസമായി വയനാട്ടിൽ നിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .രണ്ടു ദിവസമായി കോഴിക്കോട് നിന്നും പുതിയ കേസുകൾ ഇല്ല .ഏപ്രിൽ മൂന്നിന് ശേഷം തൃശ്ശൂരിൽ നിന്നും പുതിയ കേസുകൾ ഉണ്ടായിട്ടില്ല .
ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആ നശിച്ച ദിവസം മാർച്ച് 27 ആണ് . 39 പേർക്ക് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം .ഇതിൽ 34 പേരും കാസർഗോഡ് നിന്നായിരുന്നു . ലോകരാജ്യങ്ങളിൽ ഇത് വരെ കണ്ട ,കൊറോണയുടെ ഒരു ശൈലി വെച്ച് അവിടന്നങ്ങോട്ട് ഇരട്ടപ്പെരുക്കം ആവേണ്ടതാണ് . എന്നാൽ ആ കുതിപ്പ് തുടരാൻ കൊറോണക്ക് കഴിഞ്ഞില്ല . പിറ്റേ ദിവസം ആറ് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത് . എന്നിരുന്നാലും പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ ഇരുപതും മുപ്പത്തിരണ്ടും പുതിയ പോസിറ്റീവ് കേസുകൾ ഉണ്ടായി .തൊട്ടടുത്ത മൂന്നു ദിവസങ്ങളിൽ 7 ,24 .21 എന്നിങ്ങനെയായിരുന്നു പുതിയ കേസുകൾ . എന്നാൽ പിന്നീട് ,ഏപ്രിൽ 3 മുതൽ കൊറോണ ഏതാണ്ട് തളർന്നു തുടങ്ങിയ അവസ്ഥയിലാണ് . ഒമ്പതിനും പതിമൂന്നിനും ഇടയിലാണ് ഓരോ ദിവസത്തെയും പുതിയ കേസുകളുടെ എണ്ണം .മാത്രമല്ല ,രോഗം ഭേദമാവുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവും ഉണ്ടായിട്ടുണ്ട് .
വിജയത്തിലേക്കുള്ള ആദ്യസൂചനകൾ എന്നേ പറയാറായിട്ടുള്ളൂ . കർശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി ലോക്ക് ഡൌൺ തുടരുക , ഇളവുകൾ നൽകുന്ന ജില്ലകളിൽ ഉള്ളവർ പോലും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുകയും കഴിയുന്നത്ര സ്വയം കൽപ്പിത ഐസൊലേഷൻ തുടരുകയും ചെയ്യേണ്ടി വരും .പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ഹീറോയിസം ,കൊറോണയെ സംഹാരശേഷിയോടെ തിരികെ കൊണ്ട് വരും എന്ന ഓർമയുണ്ടാവുക മാത്രമേ പരിഹാരമുള്ളൂ . ലോക്ക് ഡൌൺ തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ 5 വരെയുള്ള കണക്ക് നോക്കി .നമ്പർ വൻ കേരളം എന്ന അവകാശവാദം മാത്രമേയുള്ളൂ . ലോക്ക് ഡൌൺ ലംഘിച്ചതിന്റെ പേരിൽ എടുത്ത കേസുകളുടെ എണ്ണം മലയാളികളുടെ ദയനീയമായ സാമൂഹ്യ ബോധ നിലവാരം വെളിപ്പെടുത്തുന്നതാണ് . മൊത്തം 20142 കേസുകളാണ് രജിസ്റ്റർ ചെയ്തത് . 20444 പേരെ അറസ്റ്റ് ചെയ്തു .14075 വാഹനങ്ങൾ പിടിച്ചെടുത്തു .
വിമാന സർവിസുകൾ പുനരാംഭിച്ചാൽ നാട്ടിലേക്ക് വരുന്ന പ്രവാസികളെ നേരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കുന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം പോകേണ്ടി വരും .സംസ്ഥാന അതിർത്തികളിൽ ഗതാഗതം പുനരാരംഭിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്നവരുടെ കാര്യത്തിലും സമാനമായ നിബന്ധനകൾ നടപ്പിലാക്കേണ്ടി വരും .
ഇന്നലെ സൗദിയിലുള്ള ഒരു സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. നാട്ടിൽ വന്നതിന് ശേഷം ഒരുമിച്ച് ഒരു യാത്ര പോണം എന്ന് പറഞ്ഞു . ‘ഞാൻ നാട്ടിൽ വരുമോ എന്നുറപ്പില്ല , ഇവിടെ ഒരു ലക്ഷം പേർക്കെങ്കിലും കൊറോണ ബാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്’ എന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത് . മുഴുവൻ പ്രവാസികളുടെയും മാനസിക നില ഇത് തന്നെയായിരിക്കാം .അവരിൽ ഒരാളെ പോലും നമ്മൾ വിട്ടു കൊടുക്കില്ലെന്നും മുഴുവൻ പേർക്കും സുരക്ഷിതമായി നാട്ടിൽ എത്താനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കുമെന്നുമുള്ള നിശ്ചയ ദാർഢ്യം നമുക്ക് വേണം . അത് സർക്കാർ അല്ലേ തീരുമാനിക്കേണ്ടതെന്നും അതിൽ നമുക്ക് ഒന്നും ചെയ്യാനില്ല എന്നും കരുതരുത് .ചെയ്യാനുണ്ട് . രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം കുറച്ചു കൊണ്ട് വരും എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയും .ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയാണ് ഒരേ ഒരു പോംവഴി .
മലയാളികൾ,പ്രത്യേകിച്ച് പുരുഷന്മാർ അവരുടെ സാമൂഹ്യ ജീവിതത്തിന്റെ ഘടന കാര്യമായി പുനഃപരിശോധിക്കേണ്ട ഘട്ടം കൂടിയാണിത് .Saradakutty ടീച്ചർ നേരത്തെ എഴുതിയത് പോലെ കൊറോണയുടെ വ്യാപനത്തിന് ഇടയാക്കുന്നത് മുഖ്യമായും സ്ത്രീകളല്ല . അവർ ഒരു ദിവസം പല തവണ സോപ്പും ഡിറ്റർജന്റും ഉപയോഗിക്കുന്നു . കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കുന്നു . റോഡരികിൽ മൂത്രമൊഴിക്കാറില്ല . റോഡിൽ തുപ്പുന്ന രീതിയും സ്ത്രീകൾക്ക് താരതമ്യേന കുറവാണ് . വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കുന്ന കാര്യത്തിൽ സ്ത്രീകൾ ഭേദമാണ്.
നേരത്തെ പറഞ്ഞ നിയമ ലംഘനത്തിന്റെ കണക്ക് എടുത്താലും കാണാം, അനാവശ്യമായി പുറത്തിറങ്ങി അറസ്റ്റിലായ ആ ഇരുപതിനായിരം പേരിൽ വിരലിൽ എണ്ണാവുന്ന സ്ത്രീകളേ ഉണ്ടാവൂ .
ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്നത് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കൊല്ലത്ത് ഒരു പ്രവാസി, ആശാവർക്കറെ വീട്ടിൽ കയറി തല്ലിയ വാർത്ത നമ്മൾ കണ്ടു .അത് പോലെ മറ്റൊരാൾ നേഴ്‌സിനെ ആക്രമിച്ച വാർത്തയും കണ്ടു . മനുഷ്യരേ , നിങ്ങളുടെ അഹംബോധവും വിഷലിപ്തമായ ആണത്തവും ഉപേക്ഷിക്കേണ്ട ഘട്ടമാണിത് . മരണത്തിന്റെ തണുപ്പാണ് ചുറ്റും . അഹങ്കാരം കൊണ്ടോ അന്ധവിശ്വാസം കൊണ്ടോ സ്വബോധം നഷ്ടപ്പെട്ട അജ്ഞാതനായ ഒരു രോഗവാഹകൻ നമുക്കിടയിലൂടെ നടക്കുന്നുണ്ടെകിൽ എല്ലാം തീരും . ‘ക്യാപ്റ്റനോ ‘ ‘ടീച്ചറമ്മ’ക്കോ പിന്നെ ഒന്നും ചെയ്യാനില്ല .അവരുടെ കയ്യിൽ മാന്ത്രികവടിയില്ല . നിങ്ങളുടെ അജ്ഞതയും അഹങ്കാരവും സ്വാർത്ഥതയും ചികിൽസിച്ചു മാറ്റാനുള്ള മരുന്നും അവരുടെ കയ്യിൽ ഇല്ല.