കൊറോണ വൈറസിനെതിരേ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും കേരള സമൂഹവും കടുത്ത പോരാട്ടം നടത്തുന്ന സമയത്ത് നടന്‍ ശ്രീനിവാസന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം വിവാദമാകുന്നു. കോഡിവിനെ പ്രതിരോധിക്കും എന്നു കരുതപ്പെടുന്ന വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും എന്ന ഭാഗമാണ് വിവാദമായത്. ഇതിനെതിരേ ഡോ. ജിനേഷ് പി.എസ്. എഴുതിയ പോസ്റ്റ് ചര്‍ച്ചാകുകയാണ്.
ജിനേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട ശ്രീനിവാസന്‍,
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകള്‍ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ രേഖപ്പെടുത്തിയ നടനാണ് താങ്കള്‍.
പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.
വൈറ്റമിന്‍ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞു എന്നാണ് നിങ്ങള്‍ മാധ്യമം പത്രത്തില്‍ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്.
സുഹൃത്തേ, വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്… ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???
പരിയാരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എസ് എം അഷ്‌റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം… ഇതിനെതിരെ ഡോക്ടര്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാര്‍ത്ത വായിച്ചിരുന്നു. അതാണോ താങ്കള്‍ കേട്ടത് ???
മുന്‍പൊരിക്കല്‍ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം എന്ന് പത്രത്തില്‍ എഴുതിയ വ്യക്തി ആണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ക്ക് ഒരു അസുഖം വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില്‍ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങള്‍.
ആ നിങ്ങളാണ് ഇപ്പോള്‍ വീണ്ടും വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.
ലോകത്തില്‍ ആകെ മുക്കാല്‍ ലക്ഷത്തോളം പേര്‍ മരിച്ച അസുഖമാണ്. അതിനെ തടയാന്‍ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള്‍ മണ്ടത്തരങ്ങള്‍ പറയുന്നത്. കഷ്ടമാണ് കേട്ടോ…
നിങ്ങള്‍ക്ക് അറിയില്ലാത്ത വിഷയങ്ങള്‍ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളില്‍ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധര്‍മ്മം എന്ന് അറിഞ്ഞാല്‍ കൊള്ളാം.
ജനങ്ങളോട്,
ദയവുചെയ്ത് ഈ മണ്ടത്തരങ്ങള്‍ വിശ്വസിച്ച് പണി വാങ്ങരുത്.
വ്യക്തിഗത ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വൈറ്റമിന്‍ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ പണി വാങ്ങും. അപ്പോള്‍ ശ്രീനിവാസന്‍ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.
തനിക്ക് അസുഖം വരുമ്പോള്‍ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ സ്വീകരിക്കുന്ന ഒരാള്‍ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കല്‍ കൂടി പറയാതെ വയ്യ.

You must be logged in to post a comment Login