കോവിഡ് ബാധ ഇല്ലായിരുന്നെങ്കിൽ കേരളത്തിന് ഇത് വിഷുക്കാലമായേനെ. വിഷുക്കച്ചവടം പ്രതീക്ഷിച്ച് പലയിടങ്ങളിൽ നിന്നായി എത്തിച്ച വർണ്ണ പടക്കങ്ങൾ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പടക്ക കച്ചവടക്കാർ. സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഇക്കുറി വിഷുക്കച്ചവടം നടക്കാത്തതിനാൽ മാസങ്ങൾക്കു മുന്നേ ഓർഡർ നൽകി എത്തിച്ച കേരളത്തിലെ പടക്കച്ചവടക്കാർക്ക് ലക്ഷങ്ങളാണ് നഷ്ടം.
ഏകദേശം ഫെബ്രുവരി മാസം അവസാനത്തിലും മാർച്ച് ആദ്യവാരത്തിലുമായി തന്നെ കേരളത്തിലെ മൊത്ത വിതരണക്കാർ കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, ചൈനീസ് പടക്കങ്ങൾ തുടങ്ങി വിവിധയിനം ഇനങ്ങൾക്ക് ഓർഡറുകൾ നൽകി ശിവകാശി പോലുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിച്ചിരുന്നു.ഇവയെല്ലാം എങ്ങനെ തിരിച്ച് ശിവകാശിയിലേക്ക് അയക്കുമെന്ന ആശങ്കയിലാണ് പടക്ക കച്ചവടക്കാർ.
ഇക്കുറി പടക്കങ്ങളെല്ലാം മൊത്ത വിതരണക്കാരുടെ കൈകളിൽ എത്തിയ ശേഷമാണ് ലോക് ഡൗൺ പ്രതിരോധങ്ങൾ അതിതീവ്രമാകുന്നതും രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലേക്ക് നീങ്ങിയതും.
ഇതോടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ മൊത്തവ്യാപാരികളിൽ പെട്ടുപോയി.
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് വിഷുവിന് നടക്കാറുണ്ടായിരുന്നത്. ലോക് ഡൗൺ കഴിഞ്ഞാലും സാമഗ്രികളുടെ വില്പന നടക്കില്ല എന്നതിനാൽ സാധനങ്ങളെല്ലാം തിരിച്ചയക്കാൻ തീരുമാനിക്കുകയാണ് ഇവർ.

You must be logged in to post a comment Login