ഉത്സവത്തിന് എഴുന്നള്ളിക്കാനെത്തിയ ആന വിസ്തരിച്ച് കുളിക്കാൻ തീരുമാനിച്ചതോടെ തിടമ്പേറ്റി മാരുതി ഓമ്‌നി വാന്‍ റോഡിലിറങ്ങി. തൃശ്ശൂര്‍ ജില്ലയിലെ പീച്ചി തുണ്ടത്ത് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് തിടമ്പേറ്റിയ കൊമ്പന് പകരക്കാരനായി ഓമ്‌നി വാന്‍ റോഡിലിറങ്ങിയത് .
തിടമ്പെടുക്കുന്നതിന് മുമ്പായി കുട്ടിശങ്കരന്‍ എന്ന ആനയെ കനാലിൽ കുളിക്കാന്‍ ഇറക്കിയതാണ് സംഭവത്തിന്റെ തുടക്കം. ചൂട് കാലാവസ്ഥയില്‍ തണുപ്പുള്ള ഒഴുക്ക് വെള്ളത്തിലിറങ്ങിയ കുട്ടിശങ്കരന്‍ തിരിച്ച് കയറാന്‍ തയാറായില്ല. ആനയെ കരയ്‌ക്കെത്തിക്കാൻ പപ്പാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിച്ചില്ല , രാവിലെ ഒമ്പത് മണിയോടെ വെള്ളത്തിലിറങ്ങിയ ആന മൂന്ന് മണിക്കൂറോളം വിസ്തരിച്ച് കുളിക്കാൻ തീരുമാനിക്കുകയായിരുന്നു. കയര്‍കെട്ടി ആനയെ കരയ്ക്ക് കയറ്റാൻ പാപ്പാനും നാട്ടുകാരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ രക്ഷയില്ലാതെ വന്നതോടെ ആനയ്ക്കായി കരുതിയിരുന്ന നെറ്റിപ്പട്ടം ഓമ്‌നിയില്‍ ചാര്‍ത്തി തിടമ്പേറ്റുകയായിരുന്നു.
ആനയ്ക്ക് പകരം ഓമ്‌നിയില്‍ തിടമ്പേറ്റിയത് ജനങ്ങൾക്ക് കൗതുകമുള്ള കാഴ്ചയായി. തിടമ്പേറ്റിയ ഓമ്‌നിയുടെ വീഡിയോ ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് ആനകൾക്കൊപ്പമാണ് ഓമ്‌നി വാനും അണിയിച്ചോരുക്കി നിർത്തിയത്

You must be logged in to post a comment Login