കോവിഡ് 19 സമ്പൂർണ്ണ ലോക് ഡൗൺ കാലം ആനകൾക്കും പ്രതിസന്ധി തന്നെ. ഈ കോവിഡ് 19 കാലത്ത് മനുഷ്യന്മാരെ പോലെ ആനകൾക്കും മാനസിക പിരിമുറുക്കവും, ആരോഗ്യ പ്രശ്നങ്ങളും നിലവിലുണ്ട്. നിന്ന് നിന്ന് ആനകളുടെ അടി വയറ്റിൽ നീരുവന്ന് തുടങ്ങിയതോടെ ആനകളെ നടത്തിക്കാനായി കർശന നിർദേശം നൽകിയിരിക്കുകയാണ് ഡോക്ടർമാർ.
സാധാരണഗതിയിൽ കേരളത്തിലെ ആനകൾക്ക് ഏറ്റവും തിരക്കേറിയ സമയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത് അധ്വാന കാലം ആണ് എന്നുള്ളത് ആനകൾക്ക് ഒരു ശീലമാണ്. ലോക് ഡൗൺ സാഹചര്യത്തിൽ ഒരുസ്ഥലത്ത് തന്നെ ആനകളെ കെട്ടിയിരിക്കുന്നത് പല ആനകളുടേയും ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. പ്രധാന ആരോഗ്യ പ്രശ്നം എന്ന് പറയുന്നത് ആനകൾക്ക് അടിവയറ്റിൽ ഉണ്ടാകുന്ന നീരാണ്. നിന്ന് നിന്ന് പല ആനകൾക്കും കാലും വേദനയുമുണ്ട്. ദിവസേന മൂന്ന് കിലോമീറ്റർ എങ്കിലും നടത്തിക്കണം എന്നതാണ് ഡോക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ന്യൂയോർക്ക് മൃഗശാലയിലെ കടുവകൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ആനകളുടെ സുരക്ഷയും വളരെ ജാഗ്രതയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പാപ്പാന്മാർക്ക് മാത്രമാണ് ആനയുടെ അടുത്തേക്ക് ചെല്ലാൻ ഉള്ള അനുവാദം നൽകിയിരിക്കുന്നത് മാത്രമല്ല പുറമേ നിന്നുള്ള ഒരു ഭക്ഷണവും ആനയ്ക്ക് നൽകുന്നില്ല. കൂടാതെ ആനകൾ നിൽക്കുന്ന സ്ഥലം അണുവിമുക്തമാക്കാനും കർശന നിർദേശമുണ്ട്.

You must be logged in to post a comment Login