വിലക്ക് ലംഘിക്കുന്നവരെ പിടികൂടാൻ തൃശൂരില്‍ ഡ്രോണുകൾ

0
107

 

കൊവിഡ് -19 ചെറുക്കാന്‍ രാജ്യം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ അനാവശ്യമായി റോഡില്‍ കറങ്ങി നടക്കുന്നവരെ കണ്ടെത്താന്‍ പുതിയ സംവിധാനവുമായി തൃശൂര്‍ പോലീസ്. വിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താന്‍ തൃശൂര്‍ സിറ്റി പോലീസിന്റെ ഡ്രോണുകള്‍ ആകാശനിരീക്ഷണം നടത്തും.

നഗര പരിധിയിലെ പ്രധാന റോഡുകളും ഇടവഴികളും കേന്ദ്രീകരിച്ച് ഡ്രോണ്‍ നിരീക്ഷണം നടത്താനാണ് തൃശൂര്‍ സിറ്റി പോലീസിന്റെ തീരുമാനം. അനാവശ്യമായ ആള്‍ക്കൂട്ടങ്ങളും വാഹനങ്ങളും ഇതുവഴി കണ്ടെത്താൻ സാധിക്കും.ഇത് നടപ്പിലാക്കുന്നത് കേരളാ ഡ്രോണ്‍ അസോസിയേഷന്റെ സഹായത്തോടെയാണ്. തൃശൂരില്‍ മാത്രമാണ് നിലവില്‍ ഇത് പരീക്ഷിക്കുന്നതെങ്കിലും മറ്റു ജില്ലകളിലേക്കും വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കാനാണ് പോലീസിന്റെ പദ്ധതി.
19 കേസുകള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് നിരത്തുകളില്‍ കറങ്ങി നടന്നവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായി തൃശൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വ്വീസുകളേയും ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നവരെയും മാത്രമാണ് കടത്തി വിടുന്നത്. നഗരപരിധിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും 24 മണിക്കൂറും മൊബൈല്‍ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.