മുഖ്യമന്ത്രി കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. ” കൊറോണ വൈറസ് ദുരിതാശ്വാസം പ്രളയ ദുരിതാശ്വാസം പോലെയാകരുത് ” എന്നാണ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. പ്രത്യേക അക്കൗണ്ടില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് സൂക്ഷിക്കണമെന്ന തങ്ങളുടെ ആവശ്യം അന്ന് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും അതിന്‍റെ പോരായ്മകൾ ജനങ്ങൾ അനുഭവിച്ചു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രളയാനന്തരം കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനു ലഭിച്ച വലിയ തുക സര്‍ക്കാര്‍ പാഴാക്കി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഖജനാവ് കാലിയാകാൻ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയുമാണ് എന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് പ്രളയസഹായം ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. “ആവശ്യമില്ലാത്ത പലര്‍ക്കും സഹായം ലഭിച്ചു. എന്നാൽ ആവശ്യമുള്ളവർക്ക് പതിനായിരും രൂപ പോലും ലഭിച്ചില്ല. 10 ലക്ഷം രൂപ പ്രളയഫണ്ട് തട്ടിപ്പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്നെ നടത്തി. 50 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പും പുറത്തുവന്നിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനോട് യോജിപ്പുണ്ടെന്നും നിര്‍ബന്ധപൂര്‍വം പണം ഈടാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത ശേഷം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അവരുടെ നിര്‍ദേശം കൂടി ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടു പോകാവൂ എന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും സാലറി ചലഞ്ചില്‍ നിന്ന് മാറ്റി നിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താഴെത്തട്ടിലുള്ള കുറഞ്ഞ വരുമാനമുള്ള ജീവനക്കാരെയും ഒഴിവാക്കണം.
നിര്‍ബന്ധമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്നാണ് ഇപ്പോൾ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.

You must be logged in to post a comment Login