വാഷിംഗ്ടണ്‍: കൊറോണ വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ ഇനിയും തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് അടിയന്തര പത്രിക വാഷിംഗ്ടണ്‍ ഇറക്കി.
പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു പോകല്‍ വൈകിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് വിസ വിലക്കേര്‍പ്പെടുത്തുക.ഈ രാജ്യങ്ങളുടെ വിസ വിലക്ക് ഡിസംബര്‍ 31 വരെ നിലനില്‍ക്കും.
അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് പൗരന്‍മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.
പൗരന്‍മാരെ തിരിച്ചെടുക്കണമെന്ന് അറിയിപ്പ് രാജ്യങ്ങള്‍ സ്വീകരിച്ച ശേഷം ഏഴു ദിവങ്ങള്‍ക്കുളളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റേറ്റ് സെക്രട്ടറി ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പത്രികയിലുള്ളത്. പൗരന്‍മാരെ തിരിച്ചെടുത്താല്‍ വിസ വിലക്ക് ഒഴിവാക്കുകയും ചെയ്യും.
എന്നാല്‍, ട്രംപിന്റെ ഉത്തരവില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയുന്നില്ല. പകര്‍ച്ചവ്യാധി നേരിടാന്‍. ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കണമെന്നും അതിനുള്ള നടപടികള്‍ ഏഴ് ദിവസത്തിനകം തുടങ്ങണമെന്നും കത്തില്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ, അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഉയര്‍ന്നു വരികയാണ്. ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. 18693 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന ഇറ്റലിയുടെ തൊട്ടു പിന്നിലായിരിക്കുകയാണ് അമേരിക്ക. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
യു.എസില്‍ 5 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്.
ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവു വന്നിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ അമേരിക്കയിലെ മരണനിരക്ക് ഇറ്റലിയിലേതിനേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login