കേരളത്തില്‍ വളരെയധികം സജീവമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിങ്ങ്. ഉയര്‍ന്ന വരുമാനത്തിനൊപ്പം മാനസികോല്ലാസവും പ്രദാനം ചെയ്യുന്നതാണ് ഈ മേഖല. നായ് വളര്‍ത്തലിലെ പ്രധാന വരുമാനം നായ്കുട്ടികള്‍ തന്നെയാണ്. നായ്കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപെടുന്നത് ജനിച്ചു 4 ആഴ്ച്ചക്കുള്ളിലാണ്. അല്പം ശ്രദ്ധയും പരിപാലനവും നല്‍കിയാല്‍ നവജാത നായ്കുട്ടികളുടെ മരണ നിരക്ക് കുറച്ച്, ഉയര്‍ന്ന ലാഭം നേടാനായി സാധിക്കും. നായ്ക്കളുടെ പ്രസവം ഇതര വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദിര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പ്രസവ സമയം ഇതില്‍ ഒരു പ്രത്യേകതയാണ്. നായ്ക്കളുടെ പ്രസവം ശരാശരി 6-12 മണിക്കൂര്‍വരെ ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. നായ്ക്കള്‍ പ്രസവത്തിനു മുന്‍പായി വിശപ്പില്ലായ്മ, പരിഭ്രാന്തി, തറയിലും ഭിത്തിയിലും മാന്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രസവത്തിനു ഏതാണ്ട് 24 മണിക്കൂര്‍ മുന്‍പ് ശരീരോഷ്മാവ് താഴ്ന്നും കാണപെടും.
നായ്ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തില്‍ ശരാശരി 1- 12 വരെ കുട്ടികള്‍ വരെയുണ്ടാകാം . പ്രസവം തുടങ്ങിയാല്‍ ഓരോ നായ്കുട്ടിയും ഏകദേശം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇടവേളയില്‍ പുറത്തു വരുന്നു. ഈ അവസരത്തില്‍ അനാവശ്യമായ മരുന്ന് പ്രയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രസവത്തിനു ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു വെറ്റിനരി ഡോക്ടറുടെ സഹായം തേടണം. ആരോഗ്യവാന്മാരായ നായ്കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഊര്‍ജ്വസ്വലരായിരിക്കും.ഒരു കവറില്‍ പൊതിഞ്ഞ രീതിയിലാണ് ഓരോ നായ്കുട്ടിയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വരുന്നത്. ഫീറ്റല്‍ മെംബ്രേന്‍സ് എന്നറിയപെടുന്ന ഈ കവചം പൊട്ടിക്കുന്ന ചുമതല തള്ളപട്ടിക്കുള്ളതാണ്. തള്ളപട്ടി ഈ ദൗത്യം നിർവഹിച്ചില്ലങ്കിൽ , കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന കവചം നീക്കം ചെയ്തു കുട്ടിക്ക് ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യം തലയുടെ ഭാഗത്ത് നിന്ന് മെംബ്രേന്‍സ് മാറ്റിയതിനു ശേഷം കുട്ടിയെ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നന്നായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും കുട്ടിയുടെ ശ്വസന പ്രക്രിയ സാധാരണ രീതിയില്‍ ആക്കുന്നതിനും ഉപകരിക്കും. അതിനു ശേഷം കുട്ടിയെ തല കീഴായി പിടിച്ചു മൂക്കിലും വായിലും ഉള്ള ദ്രാവകം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയണം. കുട്ടിയെ കയ്യിലെടുത്തു വീശുന്ന രീതി അവലംബിക്കരുത്. അങ്ങനെ ചെയ്‌താല്‍ തലച്ചോറില്‍ ക്ഷതമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നായ്കുട്ടി സാധാരണ രീതിയില്‍ ശ്വസിച്ചു തുടങ്ങി എന്നുറപ്പായാല്‍ കുട്ടിയുടെ പൊക്കിൾകൊടിയുടെ 2 സെന്‍റ്റിമീടെര്‍ അകലത്തില്‍ ഒരു നൂല് കൊണ്ട് കെട്ടിയ ശേഷം പൊക്കിള്‍കൊടി മുറിച്ചു ആ ഭാഗത്ത് ആന്റിസെപ്ടിക ലോഷന്‍ പുരട്ടേണ്ടതാണ്.അതിനു ശേഷം വീണ്ടും തുണി ഉപയോഗിച്ച് നയ്കുട്ടിയുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം പൂര്‍ണമായും തുടച്ചു കളയണം.ഈ അവസരത്തില്‍ ഒരു ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് കുട്ടിയുടെ ദേഹം ഉണക്കാവുന്നതാണ്. ദേഹം പൂര്‍ണമായും ഉണങ്ങി എന്നുറപ്പയാല്‍ കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്ക് മാറ്റാം.
നവജാത നായ്കുട്ടികള്‍ക്ക് ശരീര താപം നിയന്ത്രിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അവയുടെ ശരീരോഷ്മാവ് താഴ്ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് നല്‍കാനായി ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളുടെ മുകളില്‍ ടവ്വല്‍ വിരിച്ചു നായ്കുട്ടികളെ അതിനു മീതെ കിടാതാവുന്നതാണ്.അന്തരീക്ഷ താപം നിലനിര്‍ത്താനായി ബള്‍ബ് ഇട്ടു കൊടുക്കുന്നതും നല്ലതാണ്.അന്തരീക്ഷ താപം ആദ്യ 24 മണിക്കൂറില്‍ 30-33̊C ആയി ക്രമീകരിക്കണം. ആരോഗ്യവാന്മാരായ നായ്ക്കുട്ടികള്‍ ഊര്‍ജ്വസ്വലരായി ഇഴഞ്ഞു നടക്കുന്നത് കാണാം. ജനിച്ചു അര മണിക്കൂറിനുള്ളില്‍ തന്നെ ഇവക്കു തള്ളയുടെ കന്നിപാല്‍ (colostrum) നല്‍കാനായി ശ്രദ്ധിക്കണം. ധാരാളം പോഷക ഗുണം നിറഞ്ഞ ഈ പാല് കുട്ടിയുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനാൽ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞുങ്ങളെ അമ്മപട്ടിയുടെ അടുത്ത് നിന്ന് മാറ്റി പാര്‍പ്പിക്കുന്നുണ്ടെങ്കില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഇവക്ക് അമ്മയുടെ പാല് നല്‍കാനായി ശ്രദ്ധിക്കണം. നായകുട്ടികള്‍ക്ക് ദിനം പ്രതി 5-10% വരെ ശരീരഭാരം വര്‍ധിച്ചു കൊണ്ടിരിക്കും. ഏകദേശം 10 ദിവസം പ്രായമാകുമ്പോള്‍ നായികുട്ടികള്‍ എഴുന്നേറ്റു നില്ക്കാന്‍ തുടങ്ങും.10 മുതല്‍ 14 ദിവസം പ്രായമാകുമ്പോള്‍ ഇവ കണ്ണ് തുറക്കുന്നു.ഏകദേശം 3 ആഴ്ച പ്രായമാകുമ്പോള്‍ നടക്കാനും തുടങ്ങുന്നു.
നായ്കുട്ടികള്‍ക്ക് വാക്സിനും വിരമരുന്നും നല്‍കാന്‍ മറക്കരുത്. ഇരുപതു ദിവസം പ്രായമാകുമ്പോള്‍ ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിര മരുന്ന് നല്‍കാവുന്നതാണ്. അതിനു ശേഷം എല്ലാ മാസവും വിരമരുന്നു നല്‍കുന്നത് നായ്കുട്ടികളെ ഊര്‍ജ്വസ്വലരായി നില നിര്‍ത്താന്‍ സഹായിക്കും. രണ്ടു മാസം പ്രായമാകുമ്പോള്‍ ആദ്യ മള്‍ട്ടി കമ്പോണന്റ് വാക്സിന്‍ എടുക്കാം.പേവിഷബാധക്കുള്ള കുത്തിവയ്പ്പ് 3 മാസം പ്രായമാകുമ്പോള്‍ നല്‍കണം.

You must be logged in to post a comment Login