മാനസികസമ്മര്‍ദ്ദമുണ്ടോ നിങ്ങള്‍ക്ക് ? ഇത് സന്തോഷം കെടുത്തുക മാത്രമല്ല ചെയ്യുക. ശരീരത്തില്‍ ഒട്ടേറെ രോഗങ്ങള്‍ക്കും കാരണമാകും പിരിമുറുക്കമെന്ന ഈ വില്ലന്‍. മാനസികപിരിമുറുക്കം മൂലമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഹൃദയാഘാതം. കൂടാതെ അകാലവാര്‍ദ്ധക്യത്തിനും ഇത് കാരണമാകുന്നു. രക്തസമ്മര്‍ദ്ദമാണ് മറ്റൊരു ഭീഷണി. കുട്ടികളിലെ ആസ്ത്മ, പൊണ്ണത്തടി, വയറില്‍ കൊഴുപ്പടിയുന്ന അവസ്ഥ, തലവേദന അങ്ങനെ നീണ്ടുപോകുന്നു രോഗങ്ങളുടെ ലിസ്റ്റ്.
ദഹനപ്രശ്‌നവും അള്‍സറും ഇതിന്റെ വിപരീത ഫലങ്ങള്‍ തന്നെ. മാനസിക പിരിമുറുക്കമുള്ളവരില്‍ ഒരു തലം കഴിയുമ്പോള്‍ അത് മദ്യപാനത്തിലേക്കും ലഹരി ഉപേയാഗത്തിലേക്കും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കുമെല്ലാം നമ്മെ നയിക്കും.
പിരിമുറുക്കം എങ്ങനെ ഒഴിവാക്കാം;
കുടുംബപ്രശ്‌നങ്ങള്‍, പ്രണയത്തകര്‍ച്ച, സാമ്പത്തികമായ പ്രശ്‌നങ്ങള്‍, ജോലിയില്ലാതെ വരുന്നത്, ഇവയെല്ലാം ഒരാളെ ഇത്തരത്തില്‍ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഒരു വ്യക്തിയെ ഏറ്റവും നന്നായി മനസ്സിലാക്കാനും തിരുത്താനും കഴിയുന്നത് ആ വ്യക്തിക്ക് തന്നെയാണ് എന്നതാണ് സത്യം. അതിനുള്ള ഏറ്റവും എളുപ്പമുള്ള ഒരു വഴി ഇതാണ്, നിങ്ങള്‍ സ്വസ്ഥമായി ഇരുന്ന് ഒരു പേപ്പറില്‍ ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് ഒന്ന് എഴുതി നോക്കുക. ഇനി ഇതിന് എന്തെല്ലാം പോംവഴികളുണ്ടെന്ന് ആലോചിക്കുക. നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ ചിന്തിക്കാതെ, മറ്റൊരു വ്യക്തിയുടെ പ്രശ്‌നമായി ഇതിനെയൊന്നു കണ്ടുനോക്കൂ… സംഗതി എളുപ്പമായിരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി വേഗത്തില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കിട്ടും.
ഇനി ഇങ്ങനെ എഴുതുന്നതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. പലപ്പോഴും നമ്മുടെ ഓവര്‍തിങ്കിങ് ആണ് നമ്മുടെ മനസ്സിന്റെ ഭാരം കൂട്ടുന്നത്. നിങ്ങള്‍ ഒരുപക്ഷേ പേപ്പറില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ എഴുതുമ്പോള്‍ നിങ്ങള്‍ വിചാരിച്ചതിന്റെ പകുതി പോലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടായെന്നു വരില്ല.
പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുക, ഇത് നിങ്ങളെ കൂടുതല്‍ കരുത്തരാക്കും.
പ്രശ്‌നങ്ങക്കെുറിച്ച് ചിന്തിക്കാതെ ഇപ്പോള്‍ നമുക്കുള്ള നന്മകളില്‍ സന്തോഷിക്കാം.
എല്ലാത്തിനും നന്ദിയുള്ളവരാകാം.
നെഗറ്റീവ് ആയിട്ടുള്ള ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാം.
നെഗറ്റീവ് ചിന്തകള്‍ കടന്നുവരുന്ന സമയത്ത് രസകരമായ എന്തെങ്കിലും കാര്യങ്ങള്‍ മൊബൈലിലോ മറ്റോ കാണാന്‍ ശ്രമിക്കുക.
ഒറ്റയ്ക്കിരിക്കാതെ മറ്റുള്ളവര്‍ക്കൊപ്പം സമയം ചിലവഴിക്കുക.
വായന ഒരു ശീലമാക്കുക.
പുതുതായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.
മെഡിറ്റേഷന്‍, വ്യായാമം എന്നിവ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക.

You must be logged in to post a comment Login