എന്താണ് പ്രമേഹം:അറിയേണ്ടതെല്ലാം

0
53

 

ഇന്നത്ത സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണു ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിത ശൈലിയും ഭക്ഷണക്രമവും അതിന്റെ ഭീകരത കൂട്ടുന്നു. ഒരിക്കല്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ട അസുഖം. ഇപ്പോഴും ഒരു മാതിരിപ്പെട്ടവരുടെയെല്ലാം മനസില്‍ പ്രമേഹത്തെകുറിച്ചുളള ധാരണ ചികിത്സിച്ചു പൂര്‍ണമായും മാറ്റാന്‍ കഴിയാത്ത അസുഖമെന്നു തന്നെയാണ്. പക്ഷേ പ്രമേഹവും ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നതാണ് സത്യം. മെറ്റാബോളിക് ശസ്ത്രക്രിയയിലൂടെ പ്രമേഹം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാം. കുട്ടികളെന്നോ മുതിര്‍ന്നവരോ എന്നില്ലാതെ ആര്‍ക്കു വേണമെങ്കിലും പ്രമേഹം ബാധിക്കാം. എന്നാല്‍ ദിവസേനയുള്ള ഭക്ഷണനിയന്ത്രണവും വ്യായാമവുമുണ്ടെങ്കില്‍ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതേയുള്ളു.

ഓരോ ഭക്ഷണപദാര്‍ഥത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ഉയര്‍ത്താനുള്ള ശേഷിയെയാണു ഗ്ലൈസീമിക് ഇന്‍ഡക്‌സ് അഥവാ ജിഐ എന്നു പറയുന്നത്. ജിഐ കുറഞ്ഞ പദാര്‍ഥങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറച്ചു മാത്രമേ വര്‍ധിപ്പിക്കൂ.നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാന്‍ സഹായിക്കും. തവിടു നീക്കാത്ത ധാന്യങ്ങള്‍, ഓട്‌സ്, നുറുക്ക് ഗോതമ്ബ്, ഗോതമ്ബ് പൊടി, കൂവരവ്, വാഴപ്പിണ്ടി, വാഴക്കൂമ്ബ്, ഇലക്കറികള്‍, സാലഡ് എന്നിവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്ബ് പൊടി, ഒരുകപ്പ് കൂവരക് പൊടി ഇങ്ങനെ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ നാരിന്റെ അളവു കൂട്ടാം. റവ, മൈദ പോലുള്ള സംസ്‌കരിച്ച ധാന്യങ്ങളില്‍ ജിഐ കൂടുമെന്നതിനാല്‍ കുറച്ചു മാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ അളവു കുറച്ചാല്‍ മതി. വെള്ളച്ചോറിനെക്കാള്‍ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.

ഡയബറ്റിസ് ഉള്ളവര്‍ രാത്രിയില്‍ കഞ്ഞി (അരി, ഗോതമ്ബ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കഞ്ഞിക്കു ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലാണ്. കൂടാതെ ഇതിന്റെ ദഹനവും വേഗത്തിലാണു സംഭവിക്കുന്നത്. ചപ്പാത്തി എത്ര വേണമെങ്കിലും കഴിക്കാമെന്ന ധാരണ തെറ്റാണ്. കാരണം ഒരു കപ്പ് ചോറിനും രണ്ടു ചപ്പാത്തിക്കും ഒരേ ഊര്‍ജമാണു ലഭിക്കുന്നത്. പൊറോട്ട, മൈദ, ആട്ട മാവ് എന്നിവയില്‍ നാരിന്റെ അംശം കുറവായതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

പ്രസാദ്