നീണ്ട 7 മാസത്തെ ഇടവേളയ്ക്കു ശേഷം എം.എസ്. ധോണി ക്രിക്കറ്റിലേക്കു തിരിച്ചു വരുന്നു. ഐ.പി.എൽ സീസണിന്റെ മുന്നൊരുക്കമായി മാർച്ച് രണ്ടിന് ധോണി പരിശീലനം തുടങ്ങുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് പരിശീലനം. പരിശീലന സെഷനുകളിൽ സുരേഷ് റെയ്ന, അമ്പാട്ടി റായുഡു തുടങ്ങിയവർ നേരത്തേ പരിശീലനം തുടങ്ങി. ചെറിയ പരിശീലനത്തിന് ശേഷം ഇടവേള എടുക്കുന്ന ധോണി മാർച്ച് 19നു തുടങ്ങുന്ന ടീം ക്യാംപിൽ ചേരുന്നതായിരിക്കും.
2019 ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനോടു പരാജയപ്പെട്ട ശേഷം, ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. രാജ്യാന്തര കരിയറിലെ ഭാവിയെ കുറിച്ച് മൗനം പാലിക്കുന്ന സമയത്താണ് ഐ.പി.എല്ലിലേക്കുള്ള ധോണിയുടെ ഈ വരവ്. ധോണി വിരമിക്കുമെന്ന് ഇടക്കാലത്ത് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. അതേസമയം, ധോണി ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിയും സൂചന നൽകിയിട്ടുണ്ട്.
മൂന്നു വട്ടം ധോണിയുടെ ക്യാപ്റ്റൻസിയിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ചെന്നൈ താരലേലത്തിൽ ഇത്തവണ ഓസ്ട്രേലിയൻ പേസ് ബോളർ ജോഷ് ഹെയ്സൽവുഡ്, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ , ഇന്ത്യൻ ലെഗ് സ്പിന്നർ പീയൂഷ് ചൗള തുടങ്ങിയവരെ സ്വന്തമാക്കിയിട്ടുണ്ട്. സീസൺ ഉദ്ഘാടന മത്സരത്തിൽ മാർച്ച് 29ന് ചെന്നൈ മുംബൈയെ നേരിടും. മുംബൈയിലാണ് മത്സരം നടക്കുക .

You must be logged in to post a comment Login