തോല്‍വി നമ്മളെ കരുത്തരാക്കും; പരമ്പര നഷ്ടത്തിനുശേഷം മനസ്സ് തുറന്ന് രാഹുല്‍.

0
172

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായശേഷം പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍ രംഗത്ത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യന്‍ ഏകദിന ടീമിനെ നയിച്ചത്.എന്നാല്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ഇന്ത്യ നാണംകെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് രാഹുല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ‘ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനും ടീമിനെ നയിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്.പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിജയം നേടാനായില്ല. ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു. ലോകകപ്പിനുവേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പക്ഷേ ഇനിയും മുന്നേറാനുണ്ട്’-രാഹുല്‍ പറഞ്ഞു.

തോല്‍വിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ‘ തോല്‍വിയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല. വിജയത്തേക്കാള്‍ തോല്‍വികള്‍ നമ്മെ കരുത്തരാക്കും. എന്റെ ക്രിക്കറ്റ് കരിയര്‍ അങ്ങനെയാണ്.തോല്‍വിയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. പെട്ടെന്ന് വിജയിച്ച ഒരാളല്ല ഞാന്‍. എനിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം ദീര്‍ഘനാളത്തെ പ്രയത്‌നത്തിനുശേഷം വന്നതാണ്. നായകനായുള്ള എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്.എനിക്ക് മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാനാകും. എന്റെ രാജ്യത്തിനും എന്റെ ടീമിനും വേണ്ടി ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കും’-രാഹുല്‍ പറഞ്ഞു.

Watch True Tv Kerala News on Youtube and subscribe regular updates

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും രാഹുലാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഈ നാല് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. നിലവില്‍ ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ് രാഹുല്‍.

അമൽ.കെ.ജി