കൊല്ലത്ത് വീട്ടിൽ നിന്നും കളിച്ചു കൊണ്ടിരിക്കെ കാണാതാവുകയും പിന്നീട് പുഴയിൽ വീണു മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നു. അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണാണ് ദേവനന്ദ മരിക്കാൻ ഇടയായത് എന്നാണ് ശാസ്ത്രീയ പരിശോധനയുടെ ഫലം. ഇന്നലെ വൈകിട്ടോടെയാണ് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന ഫലം കണ്ണനല്ലൂർ പൊലീസിനു കൈമാറിയത്. കുട്ടി കാൽ വഴുതി അബദ്ധത്തിൽ വെള്ളത്തിൽ വീണ് വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാക്കുന്ന സാഹചര്യമാണു പരിശോധനയിൽ കണ്ടെത്താനായതെന്നാണ് ഫൊറൻസിക് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ വയറ്റിൽ കണ്ട ചെളിയും വെള്ളവും മൃതദേഹം ലഭിച്ച ഭാഗത്തു നിന്ന് തന്നെയുള്ളതാണ്. ആന്തരിക അവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധനയിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനായില്ല.

You must be logged in to post a comment Login