രജനീകാന്ത് ചിത്രം ദര്‍ബാര്‍ തീയേറ്ററുകളില്‍. ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ ഞാന്‍ നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശ വാഹകന്‍’ എന്ന അടിക്കുറിപ്പോടെ പോസ്റ്റര്‍ പുറത്തു വന്നതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. രജനി നിരാശപ്പെടുത്തിയില്ല എന്നാണ് പ്രേഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത് . ഒരു ഡീസന്റ് എന്റര്‍ടൈയ്‌നര്‍ എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രേക്ഷകാഭിപ്രായം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എ.ആര്‍ മുരുഗദോസും രജനീകാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തമിഴകത്തിന്റെ സ്റ്റൈൽമന്നന്‍ രജനീകാന്തും ഒന്നിക്കുന്ന ചിത്രം , രണ്ടു പതിറ്റാണ്ടിനു ശേഷം രജനി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം തുടങ്ങി പ്രേഷകരെ ആവേശത്തിലാക്കുന്ന ഒരു പിടി പ്രത്യേകതകളുമായാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വിജയ് നായകനായ സര്‍ക്കാറിന് ശേഷം മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ദര്‍ബാര്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വന്‍ താരനിരയോട് കൂടിയാണ് ചിത്രം റിലീസിനെത്തിയത്.
ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സുനില്‍ ഷെട്ടിയാണ് . നിവേദ തോമസ്, യോഗി ബാബു, തമ്പി രാമയ്യ, ശ്രീമാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ദര്‍ബാറിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിഗ് നിര്‍വ്വച്ചിരിക്കുന്നത്. പ്രശസ്ത ഗായകന്‍ എസ്. പി ബാല സുബ്രമണ്യം പാടിയ “ചുമ്മാ കിഴി” എന്ന സോംഗ് വന്‍ ഹിറ്റായിരുന്നു. പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതം നിര്‍വ്വഹിക്കുന്ന രജനീ ചിത്രം കൂടിയാണ് ദര്‍ബാര്‍. രജനീ ഫാന്‍ ബോയ് കൂടിയായ സംവിധായകന്‍ തൊണ്ണൂറുകളിലെ രജനിയെ വീണ്ടും മുമ്പില്‍ എത്തിച്ചു എന്ന് പ്രേക്ഷകര്‍ പറയുന്നു.
മുബൈ നഗരത്തില്‍ നടക്കുന്ന ഒരു പോലീസ് കഥയാണ് ചിത്രം പറയുന്നത്. കമ്മീഷണര്‍ ആദിത്യ അരുണാചലം എന്ന ഓഫീസറുടെ വേഷമാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മയക്കു മരുന്ന് മാഫിയ അടക്കി ഭരിക്കുന്ന നഗരം വെടിപ്പാക്കുന്ന നായകനിലൂടെയാണ് സിനിമ കരുത്താര്‍ജ്ജിക്കുന്നത്. ചടുലന്‍ നൃത്ത രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമെല്ലാം പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ലോകത്തുടനീളം 7000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 100 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തി. പ്രായാധിക്യം ഉണ്ടായിട്ടു കൂടി രജനീകാന്തിന്റെ ഊര്‍ജജസ്വലതയാണ് പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചിരിക്കുന്നത്. രാവിലെ മുതല്‍ ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു. രണ്ടു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മികച്ച ഒരു തിരക്കഥയുടെ അടിത്തറയോടെ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി ജൈത്ര യാത്ര തുടരുകയാണ്

You must be logged in to post a comment Login