കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി. സ്വകാര്യലാബുകള്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് സുപ്രീം കോടതി തിരുത്തിയത്.
‘ആയുഷ്മാന്‍ ഭാരത്’ യോജന പ്രകാരം ഇന്‍ഷൂറന്‍സുള്ള പാവപ്പെട്ടവര്‍ക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
ടെസ്റ്റിനുള്ള പണം നല്‍കാന്‍ കഴിയുന്നവര്‍ക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഏപ്രില്‍ 8-നാണ് സ്വകാര്യ ലാബുകളോട് അടക്കം കൊവിഡ് പരിശോധന സൗജന്യമായി നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
ഒരു പരിശോധനയ്ക്ക് 4500 രൂപ വീതം ഈടാക്കാന്‍ സ്വകാര്യ ലാബുകള്‍ക്ക് അനുമതിയുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി പരിശോധന സൗജന്യമാക്കണമെന്ന് ഉത്തരവിട്ടത്.
ഇതിനെതിരെ സ്വകാര്യ ലാബുകള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് കോടതി സ്വയം തിരുത്തിയത്. എല്ലാവരും ടെസ്റ്റ് ചെയ്യാനെത്തിയാല്‍ അത്യാവശ്യമുള്ളവരുടെ സാമ്പിളുൾ പരിശോധിക്കാന്‍ വൈകുമെന്നായിരുന്നു ഹര്‍ജിക്കാരിലൊരാളായ ഓര്‍ത്തോപീഡിക് സര്‍ജന്‍ കൗശല്‍ കാന്ത് മിശ്രയുടെ വാദം. ഉത്തരവ് ചെറു ലാബുകള്‍ക്ക് അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സ്വകാര്യ ലാബുകളും ചൂണ്ടിക്കാട്ടി.
ഇവരുടെ വാദങ്ങള്‍ പരിശോധിച്ചാണ് സുപ്രീംകോടതി മുന്‍ ഉത്തരവ് തിരുത്താന്‍ തീരുമാനിച്ചത്. പുതിയ ഉത്തരവ് പ്രകാരം പാവപ്പെട്ടവര്‍ക്കും, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചട്ടമനുസരിച്ച്, ടെസ്റ്റിംഗ് നടത്താന്‍ കഴിയാത്ത സാമ്പത്തിക പരാധീനതയുള്ളവര്‍ക്കും മാത്രം സ്വകാര്യ ലാബുകളില്‍ സൗജന്യ പരിശോധന നടത്തിയാല്‍ മതിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.

You must be logged in to post a comment Login