കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഇന്ന് മൂന്നുപേർ മരിച്ചു. രാജ്യസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് . കോവിഡ് 19 സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം രാജ്യത്ത് 3000 കടന്നു. 601 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ ഇതിനിടെ പ്രവാസിക്കും 11 കുടുംബാംഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചത് സമൂഹവ്യാപനമെന്ന ആശങ്കയ്ക്ക് വഴിമാറിയിരുന്നു .മോറേനയിൽ മാർച്ച് 17ന് ദുബായിൽനിന്ന് എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാൾ മാർച്ച് 20ന് നടത്തിയ ചടങ്ങിൽ 1500 ഓളം പേർ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ അധികൃതർ സൽക്കാരം നടന്ന ഗ്രാമം അടച്ചിട്ടു. ദുബായിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് സുരേഷിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
മാർച്ച് 25ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി, ഇയാളും ഭാര്യയും ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയത് നാല് ദിവസങ്ങൾക്കുശേഷം മാത്രമാണ്. ദമ്പതികൾക്കു കഴിഞ്ഞ വ്യാഴാഴ്ച കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരോടു ക്വാറന്റീനിൽ പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ഇയാളുടെ 23 ബന്ധുക്കളിൽ കോവിഡ്–19 ടെസ്റ്റിനു വിധേയമായവരിൽ 10 പേർക്കും കോവിഡ്–19 സ്ഥിരീകരിച്ചതോടെ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങി.കോവിഡ്–19 സ്ഥിരീകരിച്ച 12 പേരിൽ 8 പേരും സ്ത്രീകളാണ്.

You must be logged in to post a comment Login