ചെറുപ്പക്കാർ കോവിഡിന് അതീതരല്ല ! വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ

0
112

ലോകമൊട്ടാകെ ഭീതിയിലാഴ്ത്തി പകർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി പ്രായമായവരെയും അസുഖബാധിതരായിട്ടുള്ളവരെയുമാണ് ഏറ്റവും ബാധിക്കുന്നതെന്നാണ് ഇതുവരെ പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ ധാരണ
ഇപ്പോൾ തിരുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവി‍ഡിന് ചെറുപ്പക്കാർ അതീതരെന്ന ധാരണ തിരുത്തണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്റസ് പറയുന്നത്.

ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്നത് പ്രായമായവരെയാണ് എന്നു കരുതി ചെറുപ്പക്കാർക്ക് രോഗം പിടിപെടില്ല എന്ന് പറയാൻ സാധിക്കില്ല. അൻപത് വയസിനു താഴെയുള്ള നിരവധി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിക്കുകയുണ്ടായി.

‘ഇന്നെനിക്ക് ചെറുപ്പക്കാർക്ക് ഒരു സന്ദേശം നൽകാനുണ്ട്. നിങ്ങളാരും ഇതിന് അതീതരല്ല. നിങ്ങളെ ആശുപത്രിയിൽ ആഴ്ചകളോളം
ഈ വൈറസിന് തളച്ചിടാനാകും, എന്തിന് നിങ്ങളുടെ മരണത്തിന് വരെ കാരണമാകും.’–ടെഡ്റസ് അധാനോം മുന്നറിയിപ്പ് നൽകുന്നു. ന്യൂയോർക്ക് ഗവർണർ അൻഡ്രൂ ക്യുമോയും വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സമാനമായ കാര്യം പറഞ്ഞിരുന്നു. കൊറോണ വൈറസ് തനിക്കു പിടിക്കുകയോ തന്നിലൂടെ ആർക്കും പകരുകയോ ഇല്ലെന്ന് വിചാരിക്കുന്നവരുടേത് മിഥ്യാധാരണയാണെന്നാണ് അദ്ദേഹം പറഞ്ഞത്.


സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് പുറത്തുവരുന്ന പുതിയ കണക്കുകൾ ഇതിനു തെളിവുകളാണ് . യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും 20 മുതൽ 44 വയസ്സിന് ഇടയിലുള്ളവർക്കാണ്. 20 ശതമാനത്തോളം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ 12 ശതമാനം തീവ്രപരിചരണ വിഭാഗത്തിലും. ഫ്രാൻസിൽ രോഗം ബാധിച്ച 50 ശതമാനത്തോളം ആളുകളും 60 വയസ്സിൽ താഴെയുള്ളവരാണ്.

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അതേസമയം 11,000 കടന്നു. ഒറ്റദിവസം ഇറ്റലിയിൽ ആറായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണസംഖ്യ 4000 കടന്നു. 5986 പേർക്ക് പുതിയതായി രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. 627 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ആകെ രോഗബാധിതരായവർ 47021 പേരാണ് . ഇറാനിൽ 1433 പേരും സ്പെയിനിൽ 1093 പേരും മരിച്ചു. ലോകരാജ്യങ്ങളിൽ ഇതോടെ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട് .