ലണ്ടന്‍: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ആവശ്യമായതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി കൂടുകയും രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും ചെയ്തതോടെ ഐസിയുവിലേക്ക് മാറ്റി.
ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഓക്സിജന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍, വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ബോറിസ് ജോണ്‍സന്റെ അഭാവത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
വീട്ടിലിരുന്നു ജോലി ചെയ്ത പ്രധാനമന്ത്രി ഇപ്പോള്‍ ആശുപത്രിയില്‍ ഇരുന്നു ജോലി ചെയ്യുന്നു എന്നായിരുന്നു ഡൊമിനിക്കിന്റെ ആദ്യ പ്രതികരണം. ഇതിനിടെയാണ് ഐസിയുവിലേയ്ക്കുള്ള മാറ്റം സ്ഥിരീകരിച്ചിരിക്കുന്നത്.
ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പര്‍ ഫ്‌ലാറ്റില്‍ ഐസൊലേഷനിലായിരുന്നു ഒരാഴ്ചക്കാലം. ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്‌സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login