മഹാമാരി ഭയന്ന് മനുഷ്യന്‍ പിന്‍വലിഞ്ഞു; മലിനീകരണം നിലച്ചതോടെ മുട്ടയിടാന്‍ തീരം തേടിയെത്തുന്ന കടലാമകള്‍ കൗതുകമാകുന്നു

0
118

ലോകത്ത് ഭീതി വിതച്ചിരിക്കുകയാണ് കോവിഡ് എന്ന രോഗം. മഹാമാരിയായ കൊവിഡിനെ ഭയന്ന് രാജ്യത്തെ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങികൂടുമ്പോള്‍, മൃഗങ്ങളെയും, പക്ഷികളെയും പ്രകൃതി രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. അവ ഇപ്പോള്‍    പൂര്‍ണ സ്വാതന്ത്ര്യത്തോടെ  നടക്കുകയാണ് .
കാലങ്ങളായി കാണാതിരുന്ന പല അപൂര്‍വങ്ങളായ പക്ഷികളെയും , മൃഗങ്ങളെയും നമ്മള്‍ വീണ്ടും കണ്ടു തുടങ്ങിരിക്കുന്നു.

അതേ… പ്രകൃതിയ്ക്ക് ഇത് അതിജീവനത്തിന്റെ സമയമാണ്.

ഈ ക്വാറന്റൈന്‍ കാലം ഒഡീഷയിലെ കടലോരങ്ങള്‍ അത്യപൂര്‍വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്. ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്ലി കടലാമകള്‍ കടല്‍തീരത്ത് മുട്ടയിടുന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്.

ഏറ്റവുമധികം ഒലിവ് റിഡ്‌ലി കടലാമകള്‍ കാണപ്പെടുന്ന ബീച്ചുകളിലൊന്നാണ് ഒഡീഷയിലെ ഗഹിര്‍മാതാ ബീച്ച്. മനുഷ്യരുടെ ഇടപെടലും, മലിനീകരണവും കുറഞ്ഞപ്പോള്‍ ആമകള്‍ ധൈര്യത്തോടെ പുറത്ത് വരാന്‍ തുടങ്ങി.

എല്ലാ വര്‍ഷവും ഈ സമയത്ത് ആമകളിങ്ങനെയെത്തി മുട്ടയിടാറുണ്ടെങ്കിലും, ഇപ്രാവശ്യം അവയുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ കാഴ്ച സാധാരണയായി വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതും
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ കാര്യമാണെങ്കിലും രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണില്‍ ആയതിനാല്‍ മനുഷ്യര്‍ക്ക് ഇപ്രാവശ്യം അവയെ ശല്യപ്പെടുത്താനായില്ല. ഒഡീഷയില്‍ 407, 194 ഒലിവ് റിഡ്ലി കടലാമകളുണ്ട്. മാര്‍ച്ച് 14 മുതല്‍ 21 വരെയുള്ള സമയത്താണ് അവ മുട്ടയിടുന്നത്.

കടലാമകള്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞ് പുറത്ത് വന്നുകഴിഞ്ഞാല്‍ സമുദ്രത്തിലേക്ക് പോകുന്നത് വരെ പക്ഷികളും മറ്റ് സമുദ്രജീവികളും അവയെ ഭക്ഷിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ വലകളും അവയുടെ നിലനില്‍പ്പിന് ഒരു വലിയ ഭീഷണിയാണ്. വാണിജ്യ മത്സ്യത്തൊഴിലാളികളെ അകറ്റി നിര്‍ത്താന്‍ ഈ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ സ്വന്തം ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്.

ഒഡീഷ വൈല്‍ഡ്ലൈഫ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഒലിവ് റിഡ്ലി പകുതിയും ഇന്ത്യന്‍ തീരത്താണ് ഉള്ളത്. സമുദ്ര ആമകളില്‍ ഏറ്റവും കൂടുതല്‍ ഒലിവ് റിഡ്ലി ആമകളാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അടുത്തകാലത്തായി അവയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അതിന്റെ എണ്ണം അതിവേഗം കുറയുന്നു.