ഒരിക്കല്‍ കൊവിഡ് 19 വന്നയാള്‍ക്ക് വീണ്ടും വരുമോ…? വൈറസ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഈ ചോദ്യം.
വൈറല്‍ രോഗങ്ങള്‍ ഒരിക്കല്‍ വന്നു മാറിയാല്‍ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ആന്റി ബോഡി ശരീരത്തില്‍ നിലനില്‍ക്കുന്നത് കൊണ്ട് തുടര്‍ന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം. കോവിഡ് 19 ന്റെ കാര്യത്തിലും ഇത് ഇത്തരത്തിലാകുമെന്നു തന്നെയാണ് അനുമാനം.
കോവിഡ് 19 ഒരിക്കല്‍ വന്നു മാറിയാല്‍, ചെറിയ കാലയളവിലേക്ക് എങ്കിലും വീണ്ടും വരാനുള്ള സാധ്യത തീരെ കുറവാണ്. ഒരിക്കല്‍ രോഗം വന്ന് മാറി പോയവരില്‍, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാന്‍ സാധ്യതയില്ല എന്ന് തന്നെ അനുമാനിക്കാം. കൃത്യമായ ഒരു കാലയളവ് കണ്ടെത്തിയെടുക്കണമെങ്കില്‍ കാലതാമസമെടുക്കും.
ഈ കാലയളവ് ഓരോ വൈറസ് ബാധയിലും വത്യസ്തമാവും. ചിക്കന്‍ പോക്‌സ് പോലുള്ള കുറേ രോഗങ്ങളില്‍ ഏകദേശം മുഴുവന്‍ പേരിലും ജീവിതകാലം മുഴുവന്‍ രോഗ പ്രതിരോധ ശേഷി നല്‍കും. എന്നാല്‍, കൊറോണ വൈറസ് എന്ന നൂതനവൈറസിനെ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. എന്നതുകൊണ്ടു തന്നെ ഒന്നിലധികം തവണ ഈ രോഗം ഒരാള്‍ക്ക് വരാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍, ദീര്‍ഘകാല ആധികാരിക പഠനങ്ങള്‍ തന്നെ വേണ്ടി വരും.
ചൈന പോലെയുള്ള രാജ്യങ്ങളില്‍, രോഗം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും, പിന്നീട് ഒരു മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിന് ശേഷം വീണ്ടും താഴേക്ക് വരുന്നതും കാണാം. രോഗമുക്തരായവര്‍ പ്രതിരോധം ആര്‍ജ്ജിക്കുന്ന പകര്‍ച്ചവ്യാധികളിലാണ് ഇത്തരമൊരു ആരോഹണാവരോഹണ മാതൃക സാധാരണ കാണുന്നത്.
രോഗം സ്ഥിരീകരിച്ച ചിലരില്‍, പിന്നീട് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിന്, ആഴ്ചകള്‍ക്കു ശേഷം വീണ്ടും പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായി ഏതാനും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് രോഗമുക്തരായവര്‍ക്ക് രണ്ടാമത് ഒരു രോഗബാധ വരാനുള്ള സാധ്യതയുണ്ടോ എന്ന സംശയം ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവരിലാര്‍ക്കും വീണ്ടും യാതൊരുവിധ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടതായി കണ്ടിട്ടില്ല എന്നതു തന്നെയാണ്.

You must be logged in to post a comment Login