ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. 323 പേർക്ക് കൂടി പുതിയതായി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 2116 ആയി. ദ്രുതഗതിയിൽ കൊറോണ വൈറസ് പടരുന്നുവെന്നും ഗുരുതരമായ സ്ഥിതിയാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളതെന്നും പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കു കൂട്ടലുകൾ അപ്പാടെ തെറ്റിച്ച് കൊണ്ട് അതിവേഗമാണ് ചൈനയിൽ കോറോണാ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായിലും കൊറോണാ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റു വൈറസുകളില്‍ നിന്ന് വ്യത്യസ്ഥമായി കൊറോണ വൈറസ് ശരീരത്തിൽ കയറിയാല്‍, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ തന്നേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അധികൃതർ വൈറസ് വ്യാപനം തടയാൻ കർശ്ശന നടപടികളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചൈനയിലുടനീളം വ്യാപകമായി യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതപ്പെടുന്ന വുഹാൻ നഗരം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് . ഇവിടെനിന്ന് പലായനം ചെയ്തത് 50 ലക്ഷത്തിലധികം ആളുകളാണ്.
നിലവിൽ വുഹാനിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ആർക്കും തന്നെ അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വുഹാനിലെ യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തിൽ അമേരിക്ക തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നാണ് പൗരൻമാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ഇതിനിടെ ചൈനയിൽ നിന്ന് വന്ന അഞ്ചാമത് ഒരാൾക്ക് കൂടി അമേരിക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് കാനഡയിലേക്കെത്തിയ ഒരാളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണാ ബാധിതര്‍ക്കായി ചൈന യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പ്രത്യേക ആശുപത്രികളുടെ നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വളർത്തു മൃഗങ്ങളുടെ വാങ്ങലും വില്‍ക്കലും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. വൈറസിനെ ഇല്ലാതാക്കാൻ വരും ദിവസങ്ങളിൽ ചൈന കൂടുതൽ കർശ്ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login