കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വുഹാനിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം വഴിയാണ് ഇവരെ ന്യൂഡൽഹിയിൽ എത്തിച്ചത്. ഡൽഹി റാം-മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാരും എയർ ഇന്ത്യയിലെ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച വുഹാനിലേക്ക് പറന്നത്.234 പുരുഷന്മാരും 90 സ്ത്രീകളും ഉൾപ്പെടെ 324 പേരെയാണ് രാവിലെ 7.30 ഓടെ ഇന്ത്യയിലെത്തിച്ചത്. ഇവരിൽ 42 പേർ മലയാളികളാണ്. 211 വിദ്യാർത്ഥികളും മൂന്നു കുട്ടികളും ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി. ഇവരിൽ 56 പേർ ആന്ധ്രാപ്രദേശിൽ നിന്നുമുള്ളവരാണ്. 53 പേർ തമിഴ്നാട് സ്വദേശികളുമാണ്. ഇന്ത്യയിലേയ്ക്ക് മടങ്ങുവാൻ വിമാനത്താവളത്തിലെത്തിയ രണ്ടുപേരെ ചൈനീസ് അധികൃതർ എയർപോർട്ടിൽ തടഞ്ഞു. ഒരു പുരുഷനേയും ഒരു സ്ത്രീയേയും ആണ് എമിഗ്രേഷൻ ഓഫീസേഴ്സ് തടഞ്ഞത്. ഇരുവർക്കും ചെറിയ തോതിൽ പനിയുണ്ടായിരുന്നതാണ് കാരണം. ഇവരെ ചൈനയിൽ തന്നെ വിദഗ്ദ പരിശോധനയ്ക്ക് വിധേയരാക്കും. വൈറസ് ബാധയില്ലായെന്ന് ചൈനീസ് അധികൃതർ ഉറപ്പു വരുത്തിയവരെ മാത്രമാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചിരിക്കുന്നത്. ഇന്ത്യയിൽ മടങ്ങിയെത്തിവർ രണ്ടാഴ്ച നിരീക്ഷണത്തിൽ താമസിക്കേണ്ടതായി വരും. ഐടിബിപി രണ്ടിടത്തായി ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login