ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ചൈനയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുമുള്ള ഭൂരിഭാഗം പേരും മെഡിക്കൽ വിദ്യാർത്ഥികളാണ്.കൊറോണ വൈറസ് ബാധ വളരെ ഗുരുതരമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി അവരെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കണമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയത്തോടും വുഹാനിലെ പ്രാദേശിക ഉദ്യോഗസ്ഥരോടും ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും ഏകദേശം 700 ഓളം വിദ്യാർത്ഥികൾ വുഹാനിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. പുതുവത്സര അവധിക്കായി വിദ്യാർത്ഥികളിലേറെയും നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഇനിയും മുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്.ചൈനയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശ പൗരന്മാർക്ക് നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ജെങ് ഷുയാങ് പറയുന്നു. ഇതേ സമയം ചൈനയിൽ നിന്നും, വുഹാനിൽ നിന്നും എത്തുന്ന ആളുകൾക്ക് വൈറസ് ബാധയുണ്ടോ എന്നറിയുന്നതിനായി ഇന്ത്യയിൽ സൂഷ്മ പരിശോധന നടത്തുന്നുണ്ട്. ചൈനയിൽ വസിക്കുന്ന ഇന്ത്യക്കാർക്കായി ഹോട്ട് ലൈൻ സംവിധാനം തുറന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. കൂടാതെ വിലക്കേർപ്പെടുത്തിയിട്ടുള്ള നഗരത്തിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ചൈനീസ് അധികൃതരും അറിയിച്ചു.

You must be logged in to post a comment Login