റിയാദ് : സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യാഴാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാർസ് രോഗ ബാധയോട് സാമ്യമുള്ള ഈ രോഗം ലോക രാഷ്ട്രങ്ങളെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ചൈനയിൽ ആണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ സൗദി ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതാണ്. സൗദിയിലെ അൽ ഹയാത്ത് ആശുപത്രിയിൽ ജോലിനോക്കുന്ന 100 നേഴ്സുമാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരിന്നു. ഒരു ഇന്ത്യൻ നേഴ്സിന് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സംശയമുള്ള 5 പേർ നീരിക്ഷണത്തിലാണ്. രോഗംബാധിച്ച ഫിലിപ്പൈൻ നേഴ്സിനെ ശുശ്രൂഷിച്ചവർക്കാണ് ഇപ്പോൾ രോഗം പടർന്നിരിക്കുന്നത്. മലയാളികളായ 30 നേഴ്സുമാരെ ഐസുലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുയാണ്. ഇപ്പോൾ സ്ഥിതിഗതികൾ രൂക്ഷമല്ല എന്നാണ് അധികൃതർ പറയുന്നത്. രോഗം സംശയിക്കുന്നവരുടെ രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എംബസിയും നോർക്കയും സ്ഥിതിഗതികൾ വിലയിരുത്തുന്നുമുണ്ട്. കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചൈനയിൽ മാത്രമായി 500 ൽ അധികം ആളുകൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണിൽ വുഹാൻ സന്ദർശിച്ച 30 വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിലെ പൊതു ഗതാഗതവും ട്രെയിൻ സർവ്വീസും നിർത്തിവച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിൽ ആണ്.

You must be logged in to post a comment Login