കൊറോണ വൈറസ് ; കൊച്ചിയിൽ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി !

0
180

 

കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാക്കി. ആർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ എല്ലാം ആരോഗ്യ പരിശോധന തുടങ്ങിയത്. സംസ്ഥാന ആരോഗ്യവകുപ്പ് കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ ആരോഗ്യ പരിശോധനയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്കും ഗ്ലൗസും പ്രത്യേകമായി നൽകിയിട്ടുണ്ട്. ഇത് കൂടാതെ അണുവിമുക്തമായ ആംബുലൻസും ഒരുക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ സമാനമായ കേസുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചത്. എന്നാൽ ഇതിനിടെ ‘കൊറോണ വൈറസ്’ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും കൂടി ചെയ്തതോടെ ലോകം അതീവ ജാഗ്രയിലാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാണു ‘കൊറോണ’ പകരുന്നത് എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഇത് നിയന്ത്രിക്കുക താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ പൊതുവെ വൻ
ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.