തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാനൊരുങ്ങുന്നു. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന രീതിയാണിത്.
ഇതിനായി രക്തത്തില്‍ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റ് സംവിധാനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും.
വൈറസിനെ തുരത്താന്‍ ആന്റിബോഡിക്ക് കഴിയുമോയെന്ന ന്യൂട്രലൈസേഷന്‍ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവില്‍ അത് പ്രായോഗികമല്ല. ഉയര്‍ന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളില്‍ വൈറസ് കള്‍ച്ചര്‍ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. ഇക്കാരണത്താലാണ് ഇതിനു പകരം ഐജിജി എലൈസ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ രക്തദാനത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരുന്നത് നിലവില്‍ പ്രായോഗികമല്ലാത്തതിനാലാണ് രാജീവ് ഗാന്ധി സെന്ററില്‍ തന്നെ ഇത് സജ്ജമാക്കുന്നത്.
നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സ്ഥിതിയുണ്ടായാല്‍ അതിനെ നേരിടാനും അവരില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമാവശ്യമായ നടപടികളുമായും ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
മഹാമാരിയായ കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പുറത്ത് നിന്നെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം അതിര്‍ത്തികളില്‍ തന്നെ ആളൊഴിഞ്ഞ സ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുത്ത് മരുന്നും ഭക്ഷണവുമുള്‍പ്പെടെ ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കി 28 ദിവസം പാര്‍പ്പിച്ചശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് നാട്ടിലേക്ക് വിടുകയാണ് ഇതിനുള്ള പരിഹാരം.

You must be logged in to post a comment Login