തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾക്ക് വൈറസ് സമൂഹ വ്യാപനം വഴി പകർന്നതെന്നു സംശയം !

0
110

 

തമിഴ്നാട്ടിൽ ഒരു ഡൽഹി സ്വദേശിയ്ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പോസിറ്റീവ് കേസുകൾ രണ്ടായി. എന്നാൽ രോഗം സ്ഥിരീകരിച്ചവരുമായി 20കാരനായ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നതും അടുത്തിടെ വിദേശയാത്ര നടത്തിയിട്ടില്ലെന്നതും സംശയത്തിന് ഇടയാക്കുന്നു . ഇത് കൊവിഡ് 19 സമൂഹവ്യാപനത്തിന്‍റെ ലക്ഷണമാണോ എന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്, ഇതുവരെ ഇത് സമൂഹവ്യാപനമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രോഗിയുടെ നില അതേസമയം, തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ ഡൽഹിയിൽ വെച്ച് വിദേശത്തു നിന്നെത്തിയ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതാണ് വൈറസ് ബാധിക്കാൻ കാരണമെന്നും കുറച്ചധികം പേര്‍ ഇതുപോലെ രോഗം ബാധിച്ച് എത്തിയാല്‍ മാത്രമേ സമൂഹവ്യാപനമെന്ന് വിളിക്കാനാകൂ എന്നും ആരോഗ്യവകുപ്പിലെ ഒരു മുതിര്‍ന്ന ഓഫീസറെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇയാള്‍ യാത്ര ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത് . തമിഴ്നാട്ടിൽ ആദ്യമായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ഒമാനിൽ നിന്ന് തിരിച്ചെത്തിയ ഒരു 45കാരനിലായിരുന്നു. ചികിത്സയ്ക്ക് ശേഷം രണ്ട് തവണയോളം ഇയാളുടെ പരിശോധനാഫലം നെഗറ്റീവായതോടെ ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. ഇയാളെ രണ്ടാഴ്ചയോളം വീട്ടില്‍ ഹോം ക്വാറന്‍റൈനിൽ ആക്കിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മൂവായിരത്തോളം പേര്‍
നിലവിൽ സംസ്ഥാനത്ത് വീടുകളില്‍ നീരീക്ഷണത്തിലാണ്. 222 ടെസ്റ്റുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായത്.