കൊറോണ: ആശങ്ക വേണ്ട, ജാഗ്രത മതി !

0
127

എന്താണ് കൊറോണ വൈറസ് രോഗബാധ ?

ആര്‍.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം.

രോഗത്തിന്റെ ലക്ഷണങ്ങള്‍ ?

പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗലക്ഷണങ്ങള്‍.

രോഗം പകരുന്നതെങ്ങിനെ ?

ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരില്‍ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം.

രോഗ സാധ്യത കൂടുതലുള്ളവര്‍ ആരെല്ലാം ?

രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്.

രോഗ നിര്‍ണയം നടത്തുന്നത് എങ്ങനെ ?

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം, കഫം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ rRT PCR, NAAT ടെസ്റ്റ് നടത്തിയാണ് രോഗ നിര്‍ണയം നടത്തുന്നത്.

ആരൊക്കെയാണ് പരിശോധനക്ക് വിധേയരാകേണ്ടത് ?

കൊറോണ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും ആരോഗ്യകേന്ദ്രങ്ങളില്‍ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയേണ്ടതുമാണ് .

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എവിടെയാണ് പരിശോധനയ്ക്ക് എത്തേണ്ടത്?
നിങ്ങളുടെ ജില്ലയിലെ സര്‍വയിലന്‍സ് ഓഫീസര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ ഫോണ്‍ വഴി ബന്ധപ്പെടുകയും മാര്‍ഗനിര്‍ദേശം തേടുകയും ചെയ്യുക.

ഈ രോഗത്തിനുള്ള ചികിത്സ എന്താണ് ?

രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നല്‍കുന്നത്.

എന്തൊക്കെ മുന്‍ കരുതലുകള്‍ എടുക്കണം. ?

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകള്‍ 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടയ്ക്ക് കഴുകുക, . രോഗലക്ഷണമുള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക
രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

കൊറോണ രോഗവുമായി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ടത് എവിടെ.?

ഫോണ്‍ : ദിശ 0471 2552056
അല്ലെങ്കില്‍ 1056 ല്‍ വിളിക്കുക.