കൊറോണ : ഏക മാർ‍​ഗം പ്രതിരോധം; മാതൃകയായി കേരളം

0
135

നാളിതുവരെ നാം നേരിട്ട മറ്റേതെങ്കിലും പകര്‍ച്ച വ്യാധികളെക്കാള്‍ കൊറോണയ്ക്ക് പ്രഹരശേഷി കൂടുതലാണ്. കൊറോണ വൈറസ് തടയുന്നതിനുള്ള പ്രധാന മാർഗം വൈറസിനെ കുറിച്ച് അറിയുന്നതും അത് പടരുന്നതിന് എതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയുമാണ്. പ്രതിരോധമാര്‍ഗങ്ങളില്‍ പ്രധാനം സമൂഹത്തിൽ കൊറോണ വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണമാണ്. ഈ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പൊതുവിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള അവബോധ പരിപാടിക്ക് തുടക്കം കുറിക്കുകയാണ് സംസ്ഥാന സർക്കാർ.
പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 45,000 ഹൈടെക്ക് ക്ലാസ് മുറികളും 10,000 -ത്തോളം സ്മാർട്ട് ലാബുകളും ഉപയോഗിച്ചു 40 ലക്ഷം വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി, 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി ബോധവൽക്കരണ പരിപാടി നടത്തുകയാണ് ആരോഗ്യവകുപ്പും കൈറ്റും ചേർന്ന്. സ്‌കൂളുകൾ ഹൈടെക്ക് ആയിമാറുന്നതോടെ ഇവ ജനകീയ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം എന്ന മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളം. മരുന്നുകളെക്കുറിച്ചും മറ്റുമായി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തള്ളിക്കളയുകയാണ് ആദ്യമായി ചെയ്യേണ്ടത്. അത്തരം മുതലെടുപ്പുകാരുടെ വലയില്‍ പോയി വീഴാതിരിക്കുകയെന്നും ഈ മഹാമാരിയുടെ പ്രതിരോധത്തിന് സഹായകമാണ്. അതുകൊണ്ട് പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് നമ്മെ രക്ഷിക്കുക എന്നാണ് ആദ്യമായി സ്വയം ബോധ്യപ്പെടുത്തേണ്ടത്.