രാജസ്ഥാൻ : രാജസ്ഥാനിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്നു റിപ്പോർട്ടുകൾ. ചൈനയിൽ നിന്നെത്തിയ ഡോക്ടർമാരാണ് രാജസ്ഥാനിലെ ജയ്പപൂരിൽ ഒരാൾക്ക് വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആളുകൾ നിരീക്ഷണത്തിൽ ഉണ്ടായിരുന്നെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യം ആശങ്കയിലാണ്. കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരളത്തിൽ 288 പേർ നിരീക്ഷണത്തിലാണ്. അതേ സമയം ചൈനയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരാവസ്ഥയിലാണ്. അനുദിനം വ്യാപനത്തിനുള്ള ശക്തി പ്രാപിക്കുന്ന വൈറസുകൾ ആഗോള തലത്തിൽ തന്നെ ഭീതി സൃഷ്ടിക്കുകയാണ്. വൈറസിനെ നേരിടുന്നതിനുള്ള എല്ലാ മുൻകരുതലുകളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ ചൈനയിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ രാജ്യവും എല്ലാ പ്രതിരോധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് . വിമാനത്താവളത്തിൽ തെർമ്മൽ സ്ക്രീനിംഗ് അടക്കം കനത്ത സുരക്ഷാ നടപടികൾ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ചൈനയിൽ നിന്നും തിരിച്ചെത്തിയവർക്ക് ആരോഗ്യ വകുപ്പിന്റെ ബോധവത്കരണവും നടത്തിയിരുന്നു. കൂടാതെ 28 ദിവസം നിരീക്ഷത്തിൽ കഴിയുവാനും നിർദ്ദേശം നൽകിയിരുന്നു. ചൈനയിൽ അണുബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചിട്ടുണ്ട്..

You must be logged in to post a comment Login