ന്യൂഡല്‍ഹി: ജാഗ്രതയോടെ ലോക്ക്ഡൗണില്‍ ഇരിക്കുമ്പോഴും രാജ്യത്ത് സമൂഹ വ്യാപനം തുടങ്ങിയെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ രംഗത്ത്. വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
രോഗ ബാധിതരുടെ എണ്ണം മുംബൈ പോലുള്ള നഗരങ്ങളില്‍ അതിവേഗം ഉയരുന്നതാണ് സമൂഹ വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. അതേസമയം രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമായെന്നും അദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
സമൂഹ വ്യാപനം ഉണ്ടായോ എന്ന കാര്യത്തില്‍ഏപ്രില്‍ 10 ന് ശേഷം മാത്രമേ വ്യക്തത വരൂ. നിസാമുദിനീലെ തബ ലീഗ് സമ്മേളനം സമൂഹ വ്യാപനത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണെന്നും അദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
മുംബൈ ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളും ആശങ്കയിലാണ്. ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഴ്സുമാരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login