ഇനി അധികം ഡക്കറേഷനൊന്നും വേണ്ടെന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് സർവീസുകളോട് സര്‍ക്കാര്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
ടൂറിസ്റ്റു ബസുകളുടെ ബോഡിയില്‍ ഇനി വെള്ള നിറവും മധ്യഭാഗത്ത് കടുംചാരനിറത്തിൽ ഒരു വരയും മാത്രമേ പാടുള്ളൂ എന്നായിരുന്നു പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ബസിന്റെ മുന്നിൽ ടൂറിസ്റ്റ് എന്ന് മാത്രമേ പേര് എഴുതാവൂ എന്നും സർക്കാർ നിര്‍ദ്ദേശിച്ചിരുന്നു.
ഇപ്പോൾ എന്നാല്‍ ഈ തീരുമാനത്തില്‍ സര്‍ക്കാര്‍ അല്‍പ്പം മയം വരുത്തിയിരിക്കുകയാണ് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വെള്ള ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് വയലറ്റും ഗോള്‍ഡും നിറങ്ങളിൽ വരകളാകാമെന്നാണ് പുതിയ തീരുമാനം. പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലുള്ള വരയുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത് . ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലവും ഉണ്ടായിരിക്കണം. ഇത് കൂടാതെ മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചിട്ടുണ്ട്.
പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ ഫോണ്ടിൽ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ.
ഇതിനു പുറമെ പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഓപ്പറേറ്ററുടെ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുടമകളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കുന്നതിനാണ് ബസുകള്‍ക്ക് സര്‍ക്കാര്‍ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്.
മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ബസുകളില്‍ പതിക്കുന്നത് മൂലം ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് ബസുകള്‍ക്ക് ഏകീകൃത നിറം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ ഒരുവിഭാഗത്തിന്‍റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്‍.ടി.എ ഏകീകൃത നിറം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

You must be logged in to post a comment Login