ഫിനിഷർ ഈസ്‌ ബാക്ക്‌ ; ചെന്നൈ ഫൈനലിൽ

0
68

 

മഹേന്ദ്ര സിങ് ധോണിയുടെ വിന്റേജ് ഫിനിഷിങ്ങിന്റെ തോളിലേറി ചെന്നൈ സൂപ്പർ കിങ്‌സ് പതിനാലാമത് ഐപിഎല്ലിന്റെ ഫൈനലിലേക്ക്. അവസാന ഓവറിലേക്കു നീണ്ട ആവേശകരമായ ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹിക്കെതിരെ ചെന്നൈക്ക് നാല് വിക്കറ്റ് ജയം. ഡൽഹി ഉയർത്തിയ 172 വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനിൽക്കെയാണ് ചെന്നൈ മറികടന്നത്. ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പയുടെയും അർധസെഞ്ച്വറി പ്രകടനങ്ങളുടെ കരുത്തിലായിരുന്നു ചെന്നൈയുടെ ജയം. ഗെയ്ക്ക്‌വാദ് 50 പന്തിൽ 70 റൺസാണ് സ്വന്തമാക്കിയത്. ഉത്തപ്പ 44 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 63 റൺസും സ്വന്തമാക്കി.

ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ ഡൽഹി ഓപണർ പൃഥ്വി ഷാ മികച്ച രീതിയിൽ ബാറ്റ് വീശിയത്തോടെ ഡൽഹി കുതിച്ചു. 34 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറുകളും സഹിതം 60 റൺസാണ് താരം അടിച്ചെടുത്തത്. അവസാന ഓവറുകളിൽ നായകൻ റിഷബ് പന്തും ഷിംറോൺ ഹെറ്റ്മയറും തകർത്തടിച്ചതോടെ ഡൽഹി സ്‌കോർ 170 കടന്നു. ഹെറ്റ്മയർ 24 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 37 റൺസ് നേടി പുറത്തായി. പന്ത് 35 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 51 റൺസ് നേടി പുറത്താകാതെ നിന്നു.ചെന്നൈക്കായി ജോഷ് ഹേസൽവുഡ് നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഡൽഹി ഉയർത്തിയ ഭേദപ്പെട്ട ടോട്ടൽ പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടു. പിന്നീട് ഒന്നിച്ച ഗെയ്ക്ക്‌വാദ്-ഉത്തപ്പ കൂട്ടുകെട്ട് ടീം സ്‌കോർ അതിവേഗത്തിൽ നൂറുകടത്തി. എന്നാൽ, 14-ാം ഓവറിൽ ഉത്തപ്പയെ ശ്രേയസ് അയ്യറിന്റെ കൈകളിലെത്തിച്ച് ഡൽഹിക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീട് ചെന്നൈക്ക് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷർദുൽ താക്കൂറിനെ നാലാമനായി ഇറക്കിയ ധോണിയുടെ പരീക്ഷണം വിജയിച്ചില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ താക്കൂർ പുറത്തായി. പിന്നാലെ, റായിഡുവും റണ്ണൗട്ടായി. ഇതോടെ കളി ഡൽഹിയുടെ വരുതിയിലായി. എന്നാൽ, അപ്പോഴാണ് ധോണി പഴയ ഫിനിഷറുടെ മിന്നലാട്ടങ്ങൾ കാണിച്ചത്. ഒരു സിക്‌സിന്റെയും മൂന്നു ബൗണ്ടറിയുടെയും അകമ്പടിയോടെ വെറും ആറു പന്തിൽ 18 റൺസുമായി നായകൻ ചെന്നൈയെ ഫൈനലിലേക്ക് നയിച്ചു.

ഷിനോജ്