ന്യൂയോർക്ക് മൃഗശാലയിലെ കടുവയിൽ കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മൃഗശാലയിൽ അതീവ ജാഗ്രത നടപ്പിലാക്കും. കോവിഡ് 19 വൈറസ് മനുഷ്യനിൽനിന്ന് മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്താണ് നടപടി.
കോവി 19 ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളിലേക്ക് വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാൽ തന്നെ മൃഗശാലയിലെ ജീവനക്കാർ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ അതീവ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് മൃഗശാല അധികൃതർ.
മൃഗങ്ങളെ പരിപാലിക്കുന്ന ജീവനക്കാർക്ക് പ്രത്യേക വസ്ത്രം ചെരിപ്പ് എന്നിവ നൽകാനാണ് തീരുമാനം. ജീവനക്കാർ പുറത്തുനിന്ന് ധരിച്ചു വന്ന വസ്ത്രങ്ങളും മറ്റു മൃഗങ്ങളെ പരിചരിക്കാനായി കൂട്ടിനുള്ളിൽ കയറുമ്പോൾ അനുവദിക്കില്ല എന്നും, മൃഗങ്ങളുടെ കൂട്ടിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വ്യക്തി ശുചിത്വം കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് കാലഘട്ടം കഴിയുന്നതു വരെ വളരെ കൃത്യമായ രീതിയിൽ, സുരക്ഷിത സംവിധാനങ്ങളോടു കൂടിയും, അതീവ ജാഗ്രതയോടു കൂടിയുമായിരിക്കും ജീവനക്കാർ മൃഗങ്ങളുമായി ഇടപഴകുക.കോവിഡ് കാലഘട്ടം കഴിയുന്നതുവരെ മൃഗങ്ങളുടെ സ്വഭാവം, ഭക്ഷണക്രമം എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. മാത്രമല്ല കൂടിന് അകവും പുറവും ഒരുപോലെ തന്നെ അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്നും എല്ലായിടത്തും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
കൂടാതെ മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും പ്രത്യേകം പ്രത്യേകം നിരീക്ഷിക്കണമെന്നും, ഏതെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ പ്രത്യേകം കൂട്ടിലാക്കണമെന്നും, അധികൃതരെ അറിയിക്കണമെന്നും കർശന നിർദേശമുണ്ട്.

You must be logged in to post a comment Login