ന്യൂയോർക്ക് മൃഗശാലയിലെ കടുവയിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തെ കടുവാ സങ്കേതങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രവന പരിസ്ഥിതി മന്ത്രാലയം.
കോവിഡ് വൈറസിന്റെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടോയെന്ന് എല്ലാ കടവുകളിലും നിരീക്ഷിക്കണമെന്നാണ് നിർദേശം.
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ ദൗത്യ സേനയും, ദ്രുതകർമ്മ സേനയും രൂപീകരിക്കും. കോവിഡ് 19 ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ വന്യജീവി സങ്കേതങ്ങളിൽ സന്ദർശന നിയന്ത്രണം അതിശക്തമായിരിക്കും. കൂടാതെ വന്യജീവികൾക്ക് അടിയന്തര ചികിത്സ സംവിധാനം ഏർപ്പാടാക്കുകയും രോഗം ഭേദമായ ശേഷം ഇവയെ വനത്തിൽ തിരിച്ചുവിടുകയും ചെയ്യും.
കൊറോണ വൈറസ് കേസ് രാജ്യത്ത് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മൃഗങ്ങളിലേക്ക് വൈറസ് പടർന്നുപിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
രാജ്യത്തെ കടുവാ സങ്കേതത്തിലെ ജീവനക്കാർ അവയോട് സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ അതീവ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല കടുവകളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർ രോഗബാധിതരല്ല എന്നും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നും ഉറപ്പു വരുത്തണം. കടുവകൾ ചത്താൽ പോസ്റ്റുമാർട്ടം ചെയ്യുമ്പോൾ വയസ്സ്, ലിംഗം, സ്ഥലം എന്നിവ കൂടി രേഖപ്പെടുത്തണം. കൂടാതെ. കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കടുവകളുടെ സ്രവസാമ്പിളുകൾ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.

You must be logged in to post a comment Login