ന്യൂഡല്‍ഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ചരിത്രപരമായ നേട്ടമായി മാറിയെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. രാജ്യത്തെ 72-ാം ആര്‍മി ദിനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീര്‍ എന്ന സംസ്ഥാനത്തെ മുഖ്യധാരാ സമൂഹവുമായി ബന്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതാണ് ഭരണഘടനയിലെ 370 -ാം വകുപ്പ്. പ്രതിരോധം, വിദേശകാര്യം. ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങള്‍ ജമ്മുകാശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടി വേണമായിരുന്നു.ജമ്മു കാശ്മീരിന് ഈ പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.
പാക്കിസ്ഥാന്‍ നേത്യത്വം നല്‍കുന്ന നിഴല്‍ യുദ്ധത്തെ ഒരു പരിധിവരെ തടസ്സപ്പെടുത്താനും സര്‍ക്കാരിന്റെ ഈ തീരുമാനം വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയോട് ഇന്ത്യന്‍ സൈന്യം ഒരു വിട്ടു വീഴ്ചയും കാണിക്കില്ല, അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കും. അതിന് നമ്മുടെ കയ്യില്‍ നൂതനമായ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നും ജനറല്‍ നരവനെ പറഞ്ഞു.

You must be logged in to post a comment Login