മംഗളൂരു : മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവമാണ് കഴിഞ്ഞ ദിവസം മംഗുളൂരുവില്‍ നടന്നത്. സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും നായിക ഉര്‍വശിയെ പായയില്‍ പൊതിഞ്ഞു കടത്തിയതുപോലെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോള്‍ കൂട്ടുകാരനെ ട്രോളിബാഗിലാക്കി കൂട്ടിനെത്തിക്കാന്‍ ഒരു ശ്രമം.
മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്‌ലാറ്റിലായിരുന്നു സംഭവം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാളെയല്ലാതെ ഫ്‌ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. അച്ഛന്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒറ്റയ്ക്ക് പുറത്തേയ്ക്ക് പോയതോടെ ആ 17 കാരന്‍ ഫ്‌ളാറ്റില്‍ തനിച്ചായി. കൂട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറമേ നിന്ന് ആര്‍ക്കും പ്രവേശനവുമില്ല.
ഒടുവില്‍ ഒറ്റയ്ക്കിരുന്നു മടുത്ത പയ്യന്‍ ഒടുവില്‍ അല്‍പ്പം സാഹസത്തിലൂടെ തന്നെ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ, പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗില്‍ കക്ഷിയെ പായ്ക്ക് ചെയ്തു.
സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നില്‍ക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയില്‍പെട്ടത്.
സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നപ്പോള്‍ അകത്ത് ഒരു പയ്യന്‍ ചുരുണ്ടിരിക്കുന്നു. ഇതോടെ പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. സ്റ്റേഷനിലെത്തിച്ച പൊലീസ് ഇവരെ താക്കീതു ചെയ്യുകയും പിന്നീട് ലോക്ഡൗണ്‍ ലംഘിച്ചതിനു കേസ് റജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login