Connect with us

  Hi, what are you looking for?

  News

  പ്രേം നസീറിന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍……

   

  മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ 90-ാം ജന്മദിനമാണ് ഇന്ന്. 1926 ഏപ്രില്‍ 7ന് തിരുവനന്തപുരത്തെ ചിറയന്‍കീഴിലായിരുന്നു നസീറിന്റെ ജനനം. 26-ാം വയസ്സിലാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. സമൂഹത്തിലെ നാനാതുറയിലെ സാംസ്‌കാരിക നായകന്മാർ അദ്ദേഹത്തെ ഇന്ന് ഓർത്തെടുത്തു .മലയാള സിനിമയിലെ മുൻനിര എഴുത്തുകാരൻ ആയ കൃഷ്ണ പൂജപ്പുര അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നു

  ഇത്തിക്കര പക്കിയും മുളമൂട്ടിൽ അടിമയും
  **************
  “പ്രേംനസീർ വരുന്നു ”
  ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു എത്തുന്നു . താമസം തൈക്കാട് അമൃതാ ഹോട്ടലിൽ.. നാളെ മുതൽ ഷൂട്ടിംഗ്..
  മാതാ പിതാ ഗുരു ദൈവം എന്നതിന് തുടർച്ചയായി പ്രേംനസീർ എന്നുകൂടി ചേർത്ത് പറഞ്ഞിരുന്ന കാലം.. (അന്ന് പ്രേംനസീർ.. നസീർ എന്നൊക്കെ പേര് ഡയറക്റ്റ് ആയിട്ടങ്ങു പറയുകയായിരുന്നു.. പിന്നീടാണ് നസീർ സാർ എന്ന് സാർ കൂടി ചേർക്കുന്നത്.. അത് അങ്ങിനെ ആണല്ലോ.. പൊതു സ്വത്തുക്കൾ എന്ന് കരുതുന്നവരെ പ്രായത്തിൽ എത്ര മുതിർന്നതായാലും നേരിട്ട് വ്യക്തിബന്ധമില്ലെങ്കിൽ പേര് ആണല്ലോ പറയുക )
  എങ്ങിനെയും ആരാധ്യ പുരുഷനെ കണ്ടേ പറ്റൂ.. പക്ഷെ അമൃതാ ഹോട്ടലിലൊക്കെ പിള്ളേരായ ഞങ്ങൾക്ക് എങ്ങിനെ കേറാൻ പറ്റും.. പക്ഷെ കേറിയേ പറ്റൂ..
  അന്ന് രാത്രി ഒന്ന് ഒന്ന് കഴിഞ്ഞു കിട്ടാൻ പെട്ട പാട് എനിക്കുമറിയാം രാത്രിക്കുമറിയാം
  രാവിലെ വളരെ നേരത്തെ കുളിച്ചു തയ്യാറാകുന്നത് കണ്ടു വീട്ടിൽ നിന്ന് ചോദ്യം വന്നു.. എക്സ്ട്രാ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞു.. അഖിലലോക വിദ്യാർത്ഥി സമൂഹത്തിനു ലഭിച്ചിട്ടുള്ള ഒരു നിക്കക്കള്ളി ആണല്ലോ എക്സ്ട്രാ ക്ലാസ്സ്‌.. മകൻ പഠിത്തത്തിൽ കാണിക്കുന്ന ആവേശത്തിൽ വീട്ടുകാർക്ക് സന്തോഷമാണോ സംശയമാണോ ഉണ്ടായതെന്നറിയില്ല..
  ജയകുമാർ ഉദയൻ റഹിം രാജേന്ദ്രൻ പിന്നെ ഞാൻ.. രാവിലെ ഏഴരയോടെ അമൃതയുടെ നടയിലെത്തി. അവിടെ ഒരു ചെറുപൂരത്തിനുള്ള ജനം. അന്ന് തിരുവനന്തപുരത്തു ഷൂട്ടിംഗ് ഒക്കെ അപൂർവമാണ്.. അവിടെ വെച്ച് മറ്റൊരു വാർത്ത കൂടി കിട്ടുന്നു. പ്രേംനസീർ മാത്രമല്ല ജയനും ഹോട്ടലിൽ ഉണ്ട്.. ഇത്തിക്കര പക്കിയിൽ മുളമൂട്ടിൽ അടിമയുടെ വേഷം ജയനാണ്.. പട്ടിണിക്കാരന്റെ മുന്നിൽ ചിക്കൻ ബിരിയാണിയും ഗ്രിൽഡ് ചിക്കനുമൊക്ക ഒരുമിച്ചെത്തിയ അവസ്ഥ.. കളരിപരമ്പര ദൈവങ്ങളാണെ ഇന്ന് നമ്മൾ അകത്തു കയറും.. കാണും.. ചത്തിട്ടായാലും ശരി കൊന്നിട്ടായാലും ശരി.. എന്ന മട്ടിൽ ചില ഭീഷ്മ പ്രതിജ്ഞകളൊക്കെ എടുത്തു.. പക്ഷെ എങ്ങിനെ..? മെയിൻ ഡോറിൽ ഒരു സെക്യൂരിറ്റി നിറഞ്ഞങ്ങിനെ നിൽക്കുകയാണ്..
  നമ്മൾ ചിറയിൻകീഴിൽ നിന്ന് വന്നവരാണെന്നു പറയാം.. അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നു പറയാം തുടങ്ങി പല ആശയങ്ങളും കമ്മിറ്റിക്കു മുൻപിൽ വന്നു..
  ഞങ്ങളുടെ ലീഡർ ആയ ജയകുമാർ അതൊക്കെ തള്ളിക്കളഞ്ഞു.. നിങ്ങൾ വാ എന്നും പറഞ്ഞു നേരെ സെക്യൂരിറ്റിക്ക് അടുത്തേക്ക്.. എന്നിട്ട് സെക്യൂരിറ്റിയുടെ കൈയ്യിൽ പിടിച്ചു അതീവ ദയനീയമായി കാര്യം അവതരിപ്പിച്ചു.. ഏതു കഠിനഹൃദയന്റെ മനസ്സാണ് ആ കാലുപിടിത്തത്തിൽ അറിയാത്തതു.. അമ്മാ വല്ലതും തരണേ എന്നൊക്കെയുള്ള ദീനാ പേക്ഷകൾ അന്നത്തെ അപേക്ഷക്കുമുന്നിൽ ഒന്നുമല്ല..സെക്യൂരിറ്റിയുടെ മനസ്സലിഞ്ഞെന്ന് പറയേണ്ടല്ലോ.. “കോറിഡോറിന്റെ അറ്റത്തു മാറിനിൽക്കണം അദ്ദേഹത്തെ കണ്ടാൽ ഉടൻ സ്ഥലം വിട്ടോണം.. ” ഞങ്ങൾ അകത്തേക്ക് കടന്നു
  കോറിഡോറിൽ അദ്ദേഹത്തിന്റെ റൂമിന്റെ വാതിൽ തുറക്കുന്നതും നോക്കി അങ്ങിനെ നിൽക്കുകയാണ്.. ചില അവസ്ഥകളിൽ നമ്മുടെ ഹൃദയമിടിപ്പ് നമുക്കുതന്നെ കേൾക്കാൻ പറ്റുമെന്നു പറയുന്നത് വളരെ ശരിയാണെന്നു അന്ന് മനസ്സിലായി.. ഞാൻ കേട്ടു.. അങ്ങിനെ നിൽക്കുമ്പോഴുണ്ട് ഞങ്ങൾ നിൽക്കുന്നതിനടുത്തെ വാതിൽ തുടക്കുന്നു.. അതാ പുറത്തേക്കു വരുന്നു.. ജയൻ.. കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. സാക്ഷാൽ ജയൻ.. മുണ്ടും ടീഷർട്ടും.. വിഗ് വെച്ചിട്ടില്ല.. ഞങ്ങളെ കണ്ടു ഒന്ന് ചിരിച്ചു.. എന്തുണ്ട് വിശേഷം എന്നൊക്കെ അദ്ദേഹം എല്ലാപേരോടുമായി ചോദിക്കുന്നുണ്ട്. പക്ഷെ ഒന്ന് കാതിൽ കേറ ണ്ടെ? ആകെ ഒരു പുകപോലെ.
  കഴിഞ്ഞ സിനിമ കളിലെ കഥാപാത്രവലോകനമൊക്കെ ചിലർ നടത്തുന്നു… കുറച്ചു സംസാരിച്ചു അദ്ദേഹം പോകാൻ തുടങ്ങിയപ്പോൾ ജയകുമാർ അവന്റെനോട്ട് ബുക്കിൽ നിന്ന് ഒരു പേപ്പർ കീറി.. അദ്ദേഹത്തിന് നേരെ നീട്ടി.. സാർ ഒരു ഓട്ടോഗ്രാഫ്.. തുടർന്ന് ഞങ്ങളെല്ലാം കൂടി അവന്റെ ബുക്കിലെ കടലാസുകൾ മരണവെപ്രാളത്തോടെ വലിച്ചു കീറി.. ഹോ. പഠിപ്പിക്കുന്ന സാറ് ആ ദൃശ്യം കണ്ടിരുന്നെങ്കിൽ ഹൃദയം പൊട്ടിയേനെ..
  അന്ന് ആ സൂപ്പർ ഹീറോയിൽ നിന്ന് കിട്ടിയ ആശംസ കുറിപ്പാണു ചിത്രങ്ങളിൽ onnu.
  വീണ്ടും ഒരഞ്ചു മിനിട്ട് കഴിഞ്ഞു.. ഞങ്ങൾ പ്രതീക്ഷിച്ചു നിന്ന ആ മുഹൂർത്തം.. വാതിൽ തുറന്നു ഞങ്ങളുടെ മുന്നിലേക്ക്‌ നിത്യവസന്തം വന്നു.. അമൃത ഹോട്ടലിന്റെ കോറിഡോറിൽ പെട്ടെന്ന് വസന്തം വിരിയുന്നത് കണ്ടു.. കള്ളിമുണ്ടും ഇളം നീല ഷർട്ടും..ജീവിത സാഫല്യം എന്നൊക്കെ പറയുമല്ലോ.. ആ മുഹൂർത്തത്തെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ തോന്നുന്നില്ല.. എല്ലാരും നന്നായി പഠിക്കണം കേട്ടോ.. ആക്കുളത്താണ് ഷൂട്ടിങ്.. അവിടെ വന്നാൽ ഷൂട്ടിങ് കാണാം.. എന്നൊക്കെ പറഞ്ഞു.. ഓട്ടോഗ്രാഫും തന്നു.. ഒരു ചിത്രം അതാണ്..എല്ലാപേരോടും ഹൃദയപൂർവം കൈ വീശി അദ്ദേഹം റൂമിലേക്ക്‌ പോയി.
  ഞങ്ങൾ നേരെ കിഴക്കേകോട്ടയിലേക്കു പാഞ്ഞു.. ആക്കുളത്തേക്കുള്ള ബസ് പിടിക്കാൻ.. ഷൂട്ടിങ് കാണാൻ..
  ഇന്ന് അദ്ദേഹത്തിന്റെ തൊണ്ണൂറ്റി നാലാം ജന്മദിനം.. ടീവിയിൽ അദ്ദേഹം അഭിനയിച്ച പഴയൊരു ഹിറ്റ്‌ സിനിമ കണ്ടപ്പോൾ അമൃത ഹോട്ടലും അദ്ദേഹത്തെ കണ്ടതും ഓർമയിൽ എത്തി

  Click to comment

  You must be logged in to post a comment Login

  Leave a Reply

  You May Also Like

  News

  ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

  News

  മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

  News

  അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

  News

  പുതുപ്പള്ളി പരീക്ഷണത്തില്‍ കാലിടറിവീണ് ഇടതുമുന്നണി. ശക്തി കേന്ദ്രങ്ങള്‍ അടക്കം എല്ലായിടത്തും എല്‍ഡിഎഫ് വന്‍ വീഴ്ചയാണ് നേരിട്ടത്. യുഡിഎപ് കുതിപ്പില്‍ ജെയ്ക് സി തോമസിന് ഒരു ഘട്ടത്തിലും നിലം തൊടാനായില്ല. പാര്‍ട്ടി കണക്കുകള്‍ എല്ലാം...