അഗ്നിശമന സേനയുടെ പുതിയ വാഹനമായ – ‘വാട്ടർ മിസ്റ്റ് ബുള്ളറ്റ്’ ഏത് ദുർഘട സാഹചര്യങ്ങളിലും അഗ്നിശമന സേനയുടെ സേവനം വേഗത്തിൽ എത്തിക്കാൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുള്ള ബൈക്കാണ് വാട്ടർ മിസ്റ്റ് ബുള്ളറ്റ് . ആകെ 50 ബൈക്കുകളാണ് സംസ്ഥാനത്തിനു ലഭിച്ചിരിക്കുന്നത്.
ദുർഘട പാതകളും വീതി കുറഞ്ഞ വഴികളും താണ്ടി തീപിടിത്തം ഉണ്ടാകുമ്പോൾ സംഭവസ്ഥലത്ത് ആദ്യം എത്താൻ ഈ ബൈക്കിൽ ഘടിപ്പിച്ച പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഓയിൽ, ഇലക്ട്രിക്കൽ, ഗ്യാസ് എന്നീ സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ പ്രാഥമികമായി എത്തിക്കാവുന്ന ഏറ്റവും പ്രായോഗികമായ മാർഗം എന്ന അടിസ്ഥാനത്തിലാണ് നീണ്ട പരീക്ഷണങ്ങൾക്കു ഒടുവിൽ 500 സിസി ബുള്ളറ്റ് – ‘ വാട്ടർ മിസ്റ്റ്’ സൗകര്യങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ ഇരു വശങ്ങളിലുമായുള്ള ടാങ്കുകളിൽ വെള്ളവും ഫോം കോംപൗണ്ടും ചെറിയ സിലിണ്ടർ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
വെള്ളത്തെയും ഫോമിനെയും ഉന്നത മർദ്ദത്തിലുള്ള അന്തരീക്ഷ വായു ഉപയോഗിച്ച് ചെറുകണികകൾ ആക്കി സ്പ്രേ ചെയ്താണ് തീ അണയ്ക്കുന്നത്. വെള്ളം മിസ്റ്റ് രൂപത്തിൽ വേർതിരിഞ്ഞ കണികകളായി പുറത്തേക്ക് വരുന്നതിനാൽ ഷോർട് സർക്യൂട്ട് മൂലം തീ പിടുത്തം ഉണ്ടാവുന്ന അവസരത്തിലും ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈറൺ, ഫസ്റ്റ് എയ്ഡ് ബോക്സ്, അനൗൺസ്മെന്റിനുള്ള സൗകര്യം, എമർജൻസി ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളും ബുള്ളറ്റിൽ ഉണ്ട്.

You must be logged in to post a comment Login