ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ അർധരാത്രി ബൈക്ക് അപകടത്തിൽപ്പെട്ട സിവിൽ പൊലീസ് ഓഫിസർ റോഡരികിൽ കിടന്നത് മണിക്കൂറുകൾ. രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പൊഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരണം സംഭവിച്ചു. രക്തം വാർന്നാണ് മരിച്ചത്.
വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂർ കോളനിയിൽ എസ്. സന്തോഷ് കുമാറാണ് (40) മരിച്ചത്. രാത്രി ഒരു മണിയോടെ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. . ദർപ്പ പാലത്തിനു സമീപം കൊടും വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.
രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അപകടവിവരം ആദ്യമറിയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തു എന്ന് അറിയിച്ചിരുന്നതിനാൽ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല. പക്ഷേ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കൾ ദേവിക, ഭൂമിക,ശ്രീക്കുട്ടൻ. മൃതദേഹം വിതുര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു.

You must be logged in to post a comment Login