ബി​ഗ്ബ്രദർ ആരാധകരെ നിരാശപ്പെടുത്തിയോ ?

0
152

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു ബി​ഗ്ബ്രദർ. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകുന്ന തന്ത്രമാണ് സംവിധായകൻ സിദ്ധിഖ് ഇവിടെ പരീക്ഷിച്ചതെന്നാണ്  പൊതുവേയുള്ള പ്രേക്ഷകാഭിപ്രായം. മലയാള സിനിമയിൽ പല പ്രാവശ്യം കണ്ടു മറന്ന കഥാതന്തു. സഹോദരങ്ങൾക്കും വീട്ടുകാർക്കും രക്ഷകനാകുന്ന വല്യേട്ടന്റെ കഥ പറയുന്ന മറ്റൊരു മലയാള സിനിമ കൂടി എന്നേ പറയുവാൻ പറ്റൂ. സ​​ഹോ​ദര സ്നേഹവും കരുത്തും ബുദ്ധിയും ഒന്നിക്കുന്ന നായക പരിവേഷം. ഇതേ കോമ്പിനേഷനിൽ ഒരുപാട് മലയാള സിനിമകൾ വിജയം കണ്ടതാണ്. മോഹൻലാലിന്റെ തന്നെ ചൈനാടൗൺ, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങൾ ഇതേ കഥാ ​ഗതിയിലൂടെ വിജയം കണ്ട സിനിമകളാണ്. സിനിമയിൽ മോഹൻലാലിന്റെ  കഥാപാത്രത്തിന്റെ പേര് സച്ചിദാനന്ദൻ എന്നാണ്. സച്ചിദാനന്ദൻ 24 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുപുള്ളിയാണ്. ചെറുപ്പത്തിൽ തന്നെ അമ്മയെയും സഹോദരനെയും രക്ഷിക്കുന്നതിനായി ഒരു കൊലപാതകം നടത്തേണ്ടി വരുന്ന സച്ചിദാനന്ദൻ മാന്യനായ ഒരു തടവുപുള്ളിയാണ്. ഷർജാനോ ഖാലിദ് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം സച്ചിദാനന്ദന്റെ അനിയനാണ്. മനു ജനിക്കുന്നതിന് മുമ്പ് ജയിൽ പോകേണ്ടി വരുന്ന സച്ചിയെ മനുവിന്റെ ശക്തമായ ഇടപെടൽ മൂലം പുറത്തിറക്കുന്നതോടെ കഥ മറ്റൊരു തലത്തിലേയ്ക്ക് കടക്കുന്നു,ജയിലിൽ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദൻ ജയിലിൽ വെച്ച് ഇരുട്ടിലും കാണാൻ കഴിയുന്ന ഒരു കഴിവ് സ്വായത്തമാക്കുകയാണ്. ഈ കഴിവ് പോലീസ് പല പ്രമാദമായ കേസുകളുടെയും ചുരുളഴിക്കാൻ പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ ജയിൽ മോചിതനാകുന്ന സച്ചിയെ തേടി പല കേസിലും തുമ്പുണ്ടാക്കാൻ പോലീസ് വരുമെങ്കിലും സ്വസ്ഥമായ ഒരു ജീവിതം ആ​ഗ്രഹിക്കുന്ന സച്ചിദാനന്ദൻ അതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നു. എന്നാൽ തന്റെ കുടുംബത്തിൽ തന്നെ ചില പ്രശ്നങ്ങൾ നടക്കുന്നത് സച്ചിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. സങ്കീർണമായ ഈ പ്രശ്നങ്ങളിലൂടെ കഥ പുരോ​ഗമിക്കുന്നു. സ്റ്റണ്ട് മാസ്റ്റർ സിൽവയുടെ നേതൃത്വത്തിൽ മികച്ച സംഘട്ടന രം​ഗങ്ങൾ സിനിമയിൽ ഉണ്ട്. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി അഭിനിയക്കുന്ന മലയാള ചിത്രം കൂടിയാണ് ബി​ഗ്ബ്രദർ. മയക്കുമരുന്ന് മാഫിയയെ മുച്ചൂടും മുടിക്കുന്ന വേദാന്തം ഐ.പി.എസ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ സർജാനോ ഖാലിദ്, സിദ്ദിഖ്, ​​ഹണി റോസ്, അനൂപ് മോനോൻ, വിഷ്ണു, ടിനി ടോം, ഇർഷാദ് തുടങ്ങിയ വൻ താരനിരയുടെ അകമ്പടിയോടെയാണ് സിനിമ റിലീസിനെത്തിയത്. സം​ഗീതം നിർവ്വ​ഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ജിത്തു ദാമോദറിന്റെ ഛായാ​ഗ്രഹണം. സിദ്ധിഖ് ചിത്രങ്ങളുടെ മുഖമുദ്രയായ കോമഡി ബി​ഗ് ബ്രദറിൽ തീരെ കുറവാണ്. 2020 ലെ ആദ്യ മോഹൻലാൽ ചിത്രമായ ബി​ഗ് ബ്രദർ ശരാശരി കാഴ്ചാനുഭവം നൽകി കടന്നു പോകുന്നു എന്നു പറയാം.