ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍. മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്റെ കാതൽ . ഉദാഹരണം: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം. ഇത്തരം മിഥ്യാധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ഏറെ ശ്രമകരമാണ്.
സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സുമുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ആരംഭിക്കാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ ആരംഭം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത അല്‍പം കൂടുതലാണ്. വിവാഹിതര്‍, ജോലിക്കാര്‍, കുടിയേറ്റക്കാര്‍, താഴ്ന്ന വരുമാനക്കാര്‍, മറ്റുള്ളവരുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ എന്നിവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
കാരണങ്ങള്‍
ഈ അസുഖത്തിനുള്ള ശരിയായ കാരണം എന്താണെന്നത് അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക.
മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യൂഹം, ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിംബിക് വ്യൂഹവും ബേസല്‍ ഗാംഗ്ളിയയുമായുള്ള പരസ്പര ബന്ധമാണ് മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായിട്ടുള്ള വൈകല്യങ്ങളാവാം ഒരുപക്ഷേ സംശയരോഗത്തിനുള്ള കാരണം. തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ വേണ്ട ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കുന്നു.
മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സമൂഹത്തില്‍ കുറവാണ് കാണപ്പെടുന്നതെങ്കിലും സംശയരോഗിയുടെ സ്വഭാവവും പെരുമാറ്റവുംമൂലം വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം എന്നിവയെല്ലാം പലപ്പോഴും സംശയരോഗത്തിന്റെ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക. ഭര്‍ത്താവിന്റെ സംശയം ഒരു രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയംമൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളനം സഹിക്കേണ്ടിവരുന്ന ഭര്‍ത്താവ്, മറ്റൊരാള്‍ തന്നെ വധിച്ചേക്കാമെന്ന ഭയത്താല്‍ ഏത് സമയവും ജാഗരൂകനായിരിക്കുന്ന ഒരാള്‍ എന്നിങ്ങനെ നിരവധിപേര്‍ സംശയരോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്.

You must be logged in to post a comment Login