ഉത്തർപ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായതായി പൊലീസിൽ പരാതി നൽകിയ ഇരുപത്തൊന്ന് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയിൽ പെൺകുട്ടി പരാമർശിച്ചിരുന്നവരുടെ സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യയെന്ന് മരിച്ച പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുകയുണ്ടായി. നാല് മാസം മുമ്പാണ് പൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന പരാതി നൽകിയിരുന്നത്. പെൺകുട്ടി വിവാഹിതയായിരുന്നുവെന്നും കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
സമീപ ഗ്രാമമായ സെമ്രാവയിലെ ശിവകുമാർ,ശിവപാൽട്ടൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഇവർ ഗ്രാമത്തിലെ സ്വാധീനമുള്ള വ്യക്തികളായതിനാൽ പൊലീസ് കേസ് ഫയൽ ചെയ്യാൻ തെയ്യറായില്ലന്നും ഇവർ ആരോപിച്ചു. പിന്നീട് പരാതിയുമായി ഇവർ കോടതിയെ സമീപിച്ചെങ്കിലും ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
അതേ സമയം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നും സംഭവത്തിൽ മറ്റാരെയും സംശയിക്കുന്നില്ലെന്നും കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങൾക്കെതിരെ വ്യാജപരാതി നൽകിയെന്ന് ആരോപിച്ച് ശിവപാൽട്ടനും ശിവകുമാറും അമ്മയ്ക്കും മകൾക്കുമെതിരെ മുമ്പ് പരാതി നൽകിയിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷണം നടത്തുമെന്ന് എസ് പി ആകാശ് തോമർ വ്യക്തമാക്കി.

You must be logged in to post a comment Login