പശുവിനെ പൂജിക്കുന്നവരുടെ നാട്ടിൽ ഇങ്ങനെയൊക്കെ ചെയ്യാമോ ? ടൂറിസം വകുപ്പിന്റെ ബീഫ് ട്വീറ്റ് വിവാദമാകുന്നു.
കഴിഞ്ഞ ദിവസം കേരളാടൂറിസം വകുപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബീഫ് ഉലർത്തിയതിന്റെ ചിത്രം വിവാദമാകുന്നു. കേരളാ ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ബുധനാഴ്ച ബീഫ് ഉലർത്തിയതിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവം എന്നും ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. തേങ്ങാക്കൊത്തും മസാലയും കറിവേപ്പിലയും ചേർത്ത് ചെറു തീയിൽ പാകം ചെയ്ത് എടുത്ത ബീഫിന്റെ രുചിയെ കുറിച്ച് വർണിക്കുന്നുമുണ്ട് പോസ്റ്റിൽ. ഇതിനെതിരെ വൈകാതെ തന്നെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിക്ഷത്ത് ദേശീയ വക്താവ് വിനോദ് ബൻസാൽ. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ടാഗ് ചെയ്താണ് വിനോദ് ബൻസാലിന്റെ ട്വീറ്റ്. ശങ്കരാചാര്യരുടെ പുണ്യഭൂമിയിൽ നിന്നു തന്നെയാണോ ഇത്തരമൊരു ട്വീറ്റ്? പശുവിനെ ദൈവമായികണ്ട് പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ് വിനോദ് ബൻസാൽ ട്വീറ്റിൽ ചോദിക്കുന്നു. നിങ്ങളുടെ വിനോദസഞ്ചാരികളിൽ പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ട്. അവരുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കേന്ദ്ര മന്ത്രി അമിത്ഷാ കേന്ദ്രം ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, ടൂറിസം മന്ത്രാലയം എന്നിവരെ ടാഗ് ചെയ്ത് മറ്റൊരു ട്വീറ്റിൽ പറയുന്നു. എന്നാൽ ബീഫിന്റെ ചിത്രത്തെപ്പറ്റിയുള്ള വിവാദം അനാവശ്യമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോർക്ക് ഉൾപ്പെടെയുള്ള വിഭവങ്ങളുടെ ചിത്രങ്ങൾ കേരളാ ടൂറിസത്തിന്റെ വെബ് പേജിലുണ്ട്. വിവാദം സൃഷ്ടിക്കുന്നത് മതഭ്രാന്തന്മാരാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

You must be logged in to post a comment Login