തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കുന്നതിന് നാം സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് നടത്തിയ മനുഷ്യ മഹാ ശൃംഖല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡു മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മനുഷ്യ മതിലുകൾ ഉയർന്നിരുന്നു. പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ ശക്തമായി നിലകൊണ്ട സംസ്ഥാനമാണ് കേരളം. ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായി രാജ്യം മുഴുവൻ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ കേരളത്തിൽ ഒരു അനിഷ്ട സംഭവങ്ങളും നടക്കാതെ എങ്ങനെ പ്രതിഷേധം രേഖപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ മനുഷ്യ മഹാ ശൃംഖല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഈ നാടിനു മാത്രമേ ഇത്തരമൊരു രീതി നടപ്പിലാക്കാൻ സാധിക്കൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്താണെങ്കിലും പൗരത്വ നിയമത്തിനെ എതിർക്കുന്ന എല്ലാവരും ഈ മനുഷ്യമഹാശൃംഖലയിൽ കണ്ണികളായതാണ് ഇപ്പോൾ ഇവിടെ കാണുവാൻ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇത് വിശ്രമത്തിനുള്ള സമയമല്ല നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കുന്നതിന് ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും അതിന് വേണ്ടി സ്വയം സമർപ്പിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login