സ്മാർട്ഫോൺ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതുമായ വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. മുംബൈയിൽ കഴിഞ്ഞ മാസമാണ് ഷവോമിയുടെ റെഡ്മി 7S സ്മാർട്ഫോണിന് തീപിടിച്ചത്. തീപിടിച്ചത് മാത്രമല്ല അതിനുശേഷം കമ്പനിയും ഉപയോക്താവും തമ്മിലുള്ള തർക്കവും വാർത്തകളിൽ നിറഞ്ഞിരുന്നു . മുംബൈ സ്വദേശിയായ ഈശ്വർ ചവാൻറെ സ്മാർട്ഫോണാണ് തീപിടിച്ചത്. ഒക്ടോബറിലാണ് റെഡ്മി നോട്ട് 7 എസ് എന്ന മോഡൽ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും ഈശ്വർ ചവാൻ വാങ്ങുന്നത്. നവംബർ 2 വരെ ഫോൺ കുഴപ്പമൊന്നും ഇല്ലാതെ പ്രവർത്തിച്ചിരുന്നു .എന്നാൽ പെട്ടന്നൊരു ദിവസം ടേബിളിൽ ചാർജിങ്ങിൽ വച്ചിരുന്ന സ്മാർട്ഫോണിൽ നിന്നും കരിഞ്ഞ മണം വന്നതോടെയാണ് ഈശ്വർ ഫോൺ പരിശോധിക്കുന്നത്. ഫോൺ അകത്തു നിന്നും കത്തി നശിച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന്‍ ഇദ്ദേഹം താനെയിലെ ഷവോമിയുടെ സ്റ്റോറുമായി ബന്ധപ്പെട്ടു. കത്തിപ്പോയതിനാൽ സിം കാർഡ് പോലും ഫോണിൽ നിന്നും എടുക്കാൻ കഴിയാത്ത നിലയിലാരുന്നു ഫോൺ ഉണ്ടായിരുന്നത്. ഫോൺ പരിശോധിക്കാൻ തന്നെ ഷവോമി അഞ്ച് ദിവസമെടുത്തിരുന്നു . ഒടുവിൽ ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമായതെന്നും ഉപയോക്താവിന്റെ ഭാഗത്തു നിന്നും വന്ന പിഴവുകൊണ്ടാണ് ഫോണിന് തീ പിടിച്ചതെന്നുമുള്ള വിശദീകരണമാണ് ഈശ്വറിന് ഷവോമിയിൽ നിന്നും ലഭിച്ചത്. ഇത് നാളെ നിങ്ങൾക്കും സംഭവിക്കാം !എന്നാൽ ഇതൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി .
തലയിണയ്ക്കടിയിൽ ഫോൺ വയ്ക്കരുത്.
ഉറങ്ങും മുൻപേ സ്മാർട്ഫോണിൽ വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമെല്ലാം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. ശേഷം ഫോൺ പലപ്പോഴും തലയിണയ്ക്കടിയിലാണ് വയ്ക്കുക, ഉറങ്ങുമ്പോൾ സ്മാർട്ഫോൺ തലയിണയ്ക്കു താഴെ വെയ്ക്കുന്നത് മൂലം നിങ്ങളുടെ ശരീരഭാരം ഡിവൈസിന് അനാവശ്യമായ പ്രെഷർ നൽകുകയും ഇത് വഴി ഫോണിന്റെ ഉള്ളിലെ താപനില വർധിക്കാൻ കാരണമാകുകയും ചെയ്യും. കൂടാതെ ഫോൺ തലയിണക്കടിയിൽ വയ്ക്കുന്നത് ബ്രെയിൻ സെല്ലുകളെ നശിപ്പിക്കാൻ ഇടയാക്കുന്നു എന്നും പഠനത്തിൽ തെളിയിച്ചിട്ടുള്ളതാണ് .
ചാർജർ ഒർജിനൽ തന്നെ ഉപയോഗിക്കുക.
നിങ്ങളുടെ സ്മാർട്ഫോണിന്റെ യഥാർത്ഥ ചാര്‍ജര്‍ ഉപയോഗിച്ച് മാത്രമെ ഫോൺ ചാര്‍ജ് ചെയ്യാവൂ. കാരണം കമ്പനി നല്‍കുന്ന ചാര്‍ജറിലെ വോള്‍ട്ടേജ് ഫോണിന്‍റെ ബാറ്ററിപവർ അനുസരിച്ചുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ അല്ലെങ്കിൽ മറ്റ് ഫോണുകളുടെ അഡാപ്റ്ററുകളിൽ ഇത് വ്യത്യസ്തമാവും. പവർ കൂടിയ ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിയുടെ താപനില കൂട്ടാൻ കാരണമാകും. ചിലപ്പോൾ ഇത് വഴി ഫോൺ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്
കാറിൽ നിന്നും ചാർജിങ് പരമാവധി ഒഴിവാക്കുക
കാറിലെ ചാർജിങ് അഡാപ്റ്ററുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ഉപയോഗിക്കാതിരിക്കുക. വോൾടേജ് വ്യത്യാസം ഫോണിനെ തകരാറിലാക്കിയേക്കാം
ഫോണിന്റെ താപനില വർധിച്ചാൽ.
മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ചൂടാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗം ഉടനെ നിർത്തുക. സ്മാര്‍ട്ഫോൺ ചൂടാകാന്‍ പ്രധാന കാരണം അതിന്റെ പ്രോസസറായിരിക്കാം. യൂസേജ് ഓവർലോഡ്, ബാറ്ററി തകരാറ്, അന്തരീക്ഷ താപനില, സിഗ്നൽ ഇല്ലാതിരിക്കുക ഇവയെല്ലാം കാരണം ബാറ്ററി ചൂടാകാറുണ്ട്. ഓവർ യൂസേജ് കൊണ്ടും ഫോൺ ചൂടാകാറുണ്ട്.
ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഉപയോഗിക്കാതിരിക്കുക.
ഫോൺ റിപ്പയർ ചെയ്യുമ്പോൾ ഒറിജിനൽ ബാറ്ററി വാങ്ങാൻ ശ്രദ്ധിക്കുക . നിലവാരമില്ലാത്ത കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കാതിരിക്കുക.
ഓവർ ആയി ചാർജ് ചെയ്യാതിരിക്കുക .
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജിലിടാതിരിക്കുക ഫോൺ പൊട്ടിത്തെറിച്ചുള്ള പല അപകടങ്ങളും ഓവർ ചാർജ് കാരണമാണ് സംഭവിക്കുന്നത് . ഇന്നിറങ്ങുന്ന ഹാൻഡ്‌സെറ്റുകൾ എല്ലാം തന്നെ ചാർജ് ഫുൾ ആയാൽ പിന്നീട് ചാർജ് കയറാതിരിക്കുന്ന വിധത്തിൽ ഉള്ളവയാണ് .
സൂര്യപ്രകാശം നേരിട്ട് ഏൽപ്പിക്കാത്ത രീതിയിൽ മൊബൈൽ
ഉപയോഗിക്കുക.
സ്മാർട്ഫോണുകൾ വെയിലത്ത് ഉപയോഗിക്കുന്നത് ഫോൺ പെട്ടന്ന് ചൂടാവാൻ കാരണമാവും. കഴിവതും സൂര്യപ്രകാശം നേരിട്ട് ഏൽപ്പിക്കാത്ത രീതിയിൽ മൊബൈൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
എക്സ്റ്റൻഷൻ കോഡുകൾ
എക്സ്റ്റൻഷൻ കോഡുകളോ പവർ സ്ട്രിപ്പുകളോ കഴിവതും ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്കും ഫോണിനും ഇത് കേടാണ്. നേരിട്ടുള്ള പവർ പ്ലഗ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക .
മൊബൈൽ റിപ്പയർ ഷോപ്പുകൾ
നിങ്ങളുടെ സ്മാർട്ഫോണിന് എന്തെങ്കിലും തകരാറുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ലോക്കൽ റിപ്പയർ കടകളിൽ നൽകുന്നതിന് പകരം ഓതറൈസ്ഡ് കമ്പനി സർവീസ് സെന്ററുകളിൽ തന്നെ നൽകാൻ ശ്രദ്ധിക്കുക. മൊബൈൽ പാർട്സ്, ബാറ്ററി, ചാർജർ എന്നിവയെല്ലാം ഒറിജിനൽ തന്നെ ലഭിക്കാനും ശരിയായ സേവനം ലഭിക്കാനും കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് എപ്പോഴും നല്ലത്.
ഫോൺ താഴെ വീണാൽ
യാത്ര ചെയ്യുമ്പോഴോ വീട്ടിനുള്ളിൽ വെച്ചോ കയ്യിൽ നിന്നും ഫോൺ പൊട്ടുന്ന തരത്തിലുള്ള വീഴ്ചകളുണ്ടായാൽ ഹാൻഡ്‌സെറ്റ് പിന്നെ ഉപയോഗിക്കാതിരിക്കുക . ഡിവൈസ് എത്രയും പെട്ടന്ന് തന്നെ സർവീസ് സെന്ററിൽ കാണിക്കുക. സ്വയം നന്നാക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
ഫോണിന് മുകളിൽ ഭാരമുള്ള ഒന്നും വെയ്ക്കാതിരിക്കുക.
നിങ്ങളുടെ ഫോണിന് പ്രെഷർ നൽകുന്ന ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക . ചാർജ് ചെയ്യുമ്പോഴോ, വെറുതെ വെയ്ക്കുമ്പോഴോ ഫോണിന് മുകളിൽ പുസ്തകങ്ങളോ മറ്റു സാധനങ്ങളോ ഒന്നും വെയ്ക്കാതിരിക്കുക. ഫോണിന് മുകളിൽ ഭാരം കൂടുന്നത് ഉള്ളിലെ താപനില കൂടാനും ഇത് വഴി അപകടങ്ങള്‍ ഉണ്ടാകാനും കാരണമായേക്കാം

You must be logged in to post a comment Login