ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്

0
72

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് (52) ബൈക്കപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. വാഹനത്തില്‍നിന്ന് വോണ്‍ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട് ചെയ്തു.

ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോണ്‍ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ വോണിനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

എന്നാല്‍ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോണ്‍ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടര്‍ന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു.

അതേസമയം, ഡിസംബര്‍ എട്ടുമുതല്‍ ബ്രിസ്‌ബേനില്‍ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് കമന്ററി പറയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വോണ്‍.

SHOBA